തിരുവനന്തപുരം: ദേശീയപാത 66ൽ കുമരിച്ചന്ത ജംഗ്ഷനിലെ ഫ്ലൈഓവർ നിർമ്മാണം നിലച്ചു. നാഷണൽ ഹൈവേ അതോറിട്ടി നിശ്ചയിച്ചിരിക്കുന്ന രീതിയിൽ ഫ്ലൈഓവർ നിർമ്മിച്ചാൽ കുമരിച്ചന്തയിലെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകില്ലെന്ന് ചൂണ്ടിക്കാട്ടി ജനപ്രതിനിധികൾ ഉൾപ്പെട്ട സമരസമിതി എതിർത്തതോടെയാണ് നിർമ്മാണം നിലച്ചത്.
തൂണുകളിൽ നിർമ്മിക്കുന്ന ഫ്ലൈഓവറിലൂടെ പ്രധാന പാത കടന്നുപോകുമ്പോൾ,അണ്ടർപാസിലൂടെയാണ് പൂന്തുറ - അമ്പലത്തറ റോഡ് കടന്നുപോകുന്നത്. എന്നാൽ ഒടുവിലത്തെ പ്ലാൻ അനുസരിച്ച് അണ്ടർപാസിന്റെ വീതി 20 മീറ്റർ മാത്രമാണ്. ഇത് കുമരിച്ചന്ത ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കുമെന്നാണ് സമരസമിതിക്കാർ പറയുന്നത്.
ഈഞ്ചയ്ക്കൽ ജംഗ്ഷനിൽ നിർമ്മിക്കുന്ന ഫ്ലൈഓവറിന് കീഴിലെ അണ്ടർപാസ് പോലെ 30 മീറ്റർ വീതി കുമരിച്ചന്തയിലെ പാതയ്ക്കും വേണമെന്നാണ് ആവശ്യം. അങ്ങനെയായാൽ മാത്രമേ ഭാവിയിൽ സമീപത്തെ റോഡ് വികസിപ്പിക്കേണ്ടിവന്നാലും പ്രയോജനപ്പെടൂ. എന്നാൽ 30 മീറ്റർ പാത വേണമെങ്കിൽ സ്പാനുകളുടെ എണ്ണം കൂട്ടണമെന്നായിരുന്നു ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥരുടെ വാദം. നിലവിലെ പദ്ധതി അനുസരിച്ചുള്ള മൂന്ന് സ്പാനിൽ തന്നെ 30 മീറ്റർ അണ്ടർപാസ് സാദ്ധ്യമാകുമെന്നാണ് സമരസമിതിക്കാരുടെ വാദം.
പ്രശ്നപരിഹാരത്തിന് കഴിഞ്ഞ 25ന് മന്ത്രി വി.ശിവൻകുട്ടി ദേശീയപാത അതോറിട്ടിയുടെയും സമരസമിതി നേതാക്കളുടെയും പ്രദേശത്തെ കൗൺസിലർമാരുടെയും യോഗം വിളിച്ചിരുന്നെങ്കിലും അന്നത് നടന്നില്ല. ഈ ആഴ്ച തന്നെ മന്ത്രി യോഗം വിളിക്കും. എന്നാൽ യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് നേരത്തെ അടച്ചിരുന്ന പൂന്തുറ - അമ്പലത്തറ റോഡ് തുറന്നുകൊടുത്തു.
ആദ്യ പ്ലാനിൽ തൂണുകളില്ല
മുട്ടത്തറ കല്ലുമ്മൂട് ജംഗ്ഷനിൽ നിർമ്മിച്ച ഓവർബ്രിഡ്ജിന്റെ മാതൃകയിൽ ഫ്ലൈഓവർ നിർമ്മിക്കാനായിരുന്നു ആദ്യ തീരുമാനം. തൂണുകൾക്കു പകരം ഇരുവശവും മണ്ണിട്ട് ഉയർത്തി പൂട്ടുക്കല്ലുകൾ അടുക്കി പാത നിർമ്മിക്കലായിരുന്നു അത്. എന്നാൽ അത് സമരസമിതിക്കാർ എതിർത്തു. പിന്നീടാണ് തൂണുകളിൽ ഫ്ലൈഓവർ നിർമ്മിക്കാൻ തീരുമാനമായത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഫ്ലൈഓവർ നിർമ്മാണം ആരംഭിച്ചത്.
ഫ്ലൈഓവർ നിർമ്മാണത്തിന് നാട്ടുകാരാരും എതിരല്ല. അത് നിർമ്മിക്കുക തന്നെ വേണം.
പക്ഷേ ഗതാഗതപ്രശ്നത്തിന് പരിഹാരം കാണണം.
എസ്.സലിം,എസ്.എം.ബഷീർ,കൗൺസിലർമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |