അങ്കമാലി: കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്ര സുഗമമാക്കാനുമായി നിർമ്മിക്കുന്ന അങ്കമാലി-കുണ്ടന്നൂർ ബൈപാസിന്റെ (എറണാകുളം ബൈപാസ്) സർവേ നടപടികൾ ആഗസ്റ്റ് 15നകം പൂർത്തിയാക്കാൻ ദേശീയപാത അധികൃതർ നിർദ്ദേശം നൽകി. അടുത്ത മാസം 29ന് ബൈപാസിന്റെ 3എ വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കും. അതിനുള്ളിൽ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട 3ഡി വിജ്ഞാപനം പുറത്തിറക്കേണ്ടത് അത്യാവശ്യമാണ്. 3ഡി വിജ്ഞാപനം സമയബന്ധിതമായി ഇറക്കാൻ കഴിഞ്ഞില്ലെങ്കിൽ പദ്ധതി വൈകാൻ സാദ്ധ്യതയുള്ളതിനാലാണ് സർവേ അതിവേഗത്തിലാക്കിയത്.
ദേശീയപാതയിൽ അങ്കമാലി കരയാംപറമ്പിൽ നിന്നാരംഭിച്ച് കുണ്ടന്നൂരിന് സമീപം നെട്ടൂരിൽ അവസാനിക്കുന്ന ബൈപാസ് 18 വില്ലേജുകളിലൂടെയാണ് കടന്നുപോകുന്നത്. കല്ലിടൽ ജോലികൾ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. അങ്കമാലി വില്ലേജിൽ 700 മീറ്ററിലും കറുകുറ്റിയിൽ 600 മീറ്ററിലും തുറവൂരിൽ 400 മീറ്റർ ദൂരത്തിലും മാത്രമാണ് ഇനി കല്ലിടൽ പൂർത്തിയാക്കാനുള്ളത്.
തുറവൂർ വില്ലേജിലെ മുല്ലശ്ശേരി പാലം മുതൽ കുണ്ടന്നൂർ വരെ കല്ലിടൽ പൂർത്തിയാക്കിയ ഭാഗത്ത് പറവൂരിലെ സ്ഥലമെടുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സർവേ നടക്കുന്നുണ്ട്. കല്ലിടലും സർവേയും പൂർത്തിയാക്കാൻ മൂന്നാഴ്ച മാത്രമാണ് ശേഷിക്കുന്നത്. സർവേ നടപടികൾക്കും മറ്റുമായി കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ച് നിശ്ചിത സമയത്തിനുള്ളിൽ സർവേ പൂർത്തിയാക്കി 3ഡി വിജ്ഞാപനം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.
പാത കടന്നുപോകുന്ന വില്ലേജുകൾ
കറുകുറ്റി
തുറവൂർ
അങ്കമാലി
മറ്റൂർ
മാറമ്പിള്ളി
വെങ്ങോല
അറക്കപ്പടി
പട്ടിമറ്റം
ഐക്കരനാട് നോർത്ത്
വടവുകോട്
ഐക്കരനാട് സൗത്ത്
കുരീക്കാട്
തിരുവാണിയൂർ
തിരുവാങ്കുളം,
മരട്
ഭൂമിയുടമകളുടെ ആശങ്ക
ബൈപാസിനായി വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കുമോയെന്ന ആശങ്കയുണ്ട്. അധികൃതർക്ക് നിവേദനം നൽകിയിട്ടും ഇത് സംബന്ധിച്ച് വ്യക്തത വരുത്താൻ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ഭൂമിയുടമകളുടെ പ്രധാന പരാതി.
കുണ്ടന്നൂർ ബൈപാസിന് ഭൂമി വിട്ടുനൽകുന്നവർക്കും 2013ലെ എൽ.എ.ആർ.ആർ. ആക്ട് പൂർണമായും പാലിച്ച് നഷ്ടപരിഹാരം നൽകണമെന്നും എൻ.എച്ച്. 66, എൻ.എച്ച്. 966 എന്നിവയ്ക്ക് നൽകിയ അതേ നഷ്ടപരിഹാരം നൽകണമെന്നുമാണ് ഭൂമിയുടമകളുടെ ആവശ്യം. എൻ.എച്ച്. 544 അങ്കമാലി, കുണ്ടന്നൂർ ബൈപാസ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭൂമിയുടമകൾ നീതിക്കായി രംഗത്തിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |