മൂവാറ്റുപുഴ: പെറ്റി പിഴതട്ടിപ്പിൽ പിടിയിലായ വാഴക്കുളം സ്‌റ്റേഷൻ വനിതാ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശാന്തി കൃഷ്ണന്റെ മാറാടിയിലെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ 75 ലേറെ രേഖകൾ കണ്ടെടുത്തു. കാഷ് ബുക്കുകൾ, ടിആർ ഫയലുകൾ, വരവുചെലവ് കണക്കുകളുടെ രേഖകൾ, ബാങ്ക് ചെലാന്റെ ഒറിജിനലുകളും ഡ്യൂപ്ലിക്കേറ്റുകളും, വിവിധ ബാങ്കുകളിലെ പാസ് ബുക്കുകൾ, ഡ്യൂട്ടി രേഖ, പൊലീസ് സ്‌റ്റേഷനിൽ മാത്രം സൂക്ഷിക്കേണ്ട ചില രജിസ്റ്ററുകൾ എന്നിവയും പിടിച്ചെടുത്തു. 1676650 രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ശാന്തി കൃഷ്ണനെ സസ്‌പെൻഡ് ചെയ്തിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ ബുധനാഴ്ച പുലർച്ചെ രണ്ടുവരെ മൂവാറ്റുപുഴ ഡിവൈ.എസ്.പി പി.എം. ബൈജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
12 വർഷമായി മൂവാറ്റുപുഴ പൊലീസ് സ്‌റ്റേഷനിൽ ജോലിചെയ്ത ശാന്തി കൃഷ്ണൻ കുറ്റം നിരാകരിച്ച് എറണാകുളം സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജി പൊലീസിന്റെ വാദംകൂടി കേൾക്കാനായി മാറ്റിയിട്ടുണ്ട്.
എ.എസ്.ഐമാരായ ഷിബു മാത്യു, ബിജുകുമാർ, വനിതാ സിവിൽ പൊലീസ് ഓഫീസർമാരായ സുബി തോമസ്, ഐസിമോൾ എന്നിവരാണ് പരിശോധന നടത്തിയത്. മൂവാറ്റുപുഴ ഭൂരേഖ തഹസിൽദാർ ബിലാൽ ബാബു, ഒമ്പതാം വാർഡംഗം ജിഷ ജിജോ എന്നിവരുട സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന. ശാന്തി കൃഷ്ണന്റെ മകളും ബന്ധുക്കളും പരിശോധനാ സമയത്ത് വീട്ടിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |