വാഷിംഗ്‌ടൺ: ഇന്ത്യൻ ടെക്കിയെ അമേരിക്കൻ പൊലീസ് വെടിവച്ചുകൊന്നു. തെലങ്കാന സ്വദേശി മുഹമ്മദ് നിസാമുദ്ദീൻ എന്ന മുപ്പത്തിരണ്ടുകാരനാണ് കൊല്ലപ്പെട്ടത്. കൂടെ താമസിച്ചിരുന്നയാളെ കത്തികൊണ്ട് മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചതിനെത്തുടർന്നാണ് വെടിവച്ചതെന്ന് യുഎസ് പൊലീസ് പറയുന്നു. എന്നാൽ വംശീയ വിവേചനം ഉണ്ടായെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നുമാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്.
സാന്താക്ലാരയിലെ താമസസ്ഥലത്ത് ഈ മാസം മൂന്നിനാണ് മുഹമ്മദ് നിസാമുദ്ദീനെ പൊലീസ് വെടിവയ്ക്കുന്നത്. ഒപ്പം താമസിക്കുന്നയാളെ കുത്തി എന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് എത്തിയത്. കുത്തേറ്റയാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേത്തുടർന്നാണ് വെടിവച്ചത്. നാലുതവണയാണ് വെടിയുതിർത്തത്. പരിക്കേറ്റ നിസാമുദ്ദീനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. നിസാമുദ്ദീന്റെ കുത്തേറ്റയാൾ ഇപ്പോഴും ചികിത്സയിലാണ്. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും സംഭവത്തെക്കുറിച്ച് ഇപ്പോൾ ഒന്നുംപറയാനാവില്ലെന്നും പൊലീസ് വ്യക്തമാക്കി.
കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദധാരിയായ നിസാമുദ്ദീൻ സാന്താക്ലാരയിലെ ഒരു ടെക് സ്ഥാപനത്തിലാണ് ജോലിചെയ്തിരുന്നത്. തനിക്ക് വംശീയമായ അധിക്ഷേപങ്ങളും ഉപദ്രവങ്ങളും നിരവധി തവണ ഏൽക്കേണ്ടിവന്നു എന്ന് നിസാമുദ്ദീൻ പരാതിപ്പെട്ടിരുന്നു എന്നും ജോലിയിൽ നിന്ന് അന്യായമായി പിരിച്ചുവിടുമെന്ന ഭീഷണി ഉണ്ടായിരുന്നതായും കുടുംബം ആരോപിക്കുന്നുണ്ട്. മരണത്തെക്കുറിച്ചും മറ്റ് ആരോപണങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
സാന്താക്ലാരയിലെ ആശുപത്രിയിലാണ് നിസാമുദ്ദീന്റെ മൃതദേഹം ഇപ്പോഴുള്ളത്. മൃതദേഹം നാട്ടിലെത്തിക്കാൻ കുടുംബം വിദേശകാര്യമന്ത്രാലയത്തിന്റെ സഹായം തേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |