ന്യൂഡൽഹി: പാക് വിമാനങ്ങൾക്ക് ഒക്‌ടോബർ 24 വരെ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന് പിന്നാലെയാണ് ഇന്ത്യയും നടപടി നീട്ടിയത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും വ്യോമാതിർത്തി അടച്ചത്.
എന്നാൽ, ഈ നടപടി ഇന്ത്യയ്‌ക്ക് തിരിച്ചടിയാകുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ 800ലധികം വിമാന സർവീസുകളെ ബാധിക്കുമ്പോൾ പാകിസ്ഥാന്റെ വെറും ആറ് ഷെഡ്യൂളുകൾ മാത്രമാണ് പ്രതിസന്ധിയിലാകുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് നിലവിൽ മലേഷ്യയിലേക്ക് മാത്രമേ ഇന്ത്യൻ വ്യോമപാതയിലൂടെ സർവീസ് നടത്തുന്നുള്ളു എന്നതാണ് അതിന്റെ കാരണം.
ആറ് മാസമായി ഇരുരാജ്യങ്ങളും തങ്ങളുടെ വ്യോമാതിർത്തി അടച്ചിട്ടിരിക്കുകയാണ്. ഏപ്രിൽ 22ന് 26 വിനോദസഞ്ചാരികൾ കൊല്ലപ്പെടാൻ കാരണമായ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. പാക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമപാതയിൽ പ്രവേശനമില്ലെന്ന് ഏപ്രിൽ 30ന് ഇന്ത്യ വ്യക്തമാക്കി. പിന്നീട് ജൂലായ് 24 വരെ എല്ലാ പാകിസ്ഥാൻ വിമാനങ്ങളെയും ഇന്ത്യൻ വ്യോമപാതയിൽ നിന്ന് വിലക്കി. ഈ വിലക്ക് പിന്നീടുള്ള മാസങ്ങളിലും നീട്ടുകയായിരുന്നു. ഏപ്രിൽ 24നാണ് ഇന്ത്യൻ വിമാനങ്ങൾക്ക് പ്രവേശനമില്ലെന്ന് പാകിസ്ഥാൻ ആദ്യം അറിയിച്ചത്. പിന്നീട് പാകിസ്ഥാനും നിയന്ത്രണം നീട്ടി. നിലവിൽ ഓരോ ആഴ്‌ചയിലും ഇന്ത്യൻ വിമാന കമ്പനികളുടെ 800 സർവീസുകൾക്ക് യാത്രാസമയം കൂടുതലെടുക്കുന്നു എന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |