മുംബയ് : കർണാടക ടീമിൽ ഒരുമിച്ചു കളിച്ചിരുന്ന മലയാളി താരം കരുൺ നായർ തന്നോടു പിണങ്ങാനുള്ള കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ക്രിക്കറ്ററും പാതി മലയാളിയുമായ റോബിൻ ഉത്തപ്പ. താൻ നൽകിയ ഒരു അഭിമുഖത്തിൽ പരാമർശിച്ചിരിക്കുന്ന കളിക്കാരൻ കരുണാണെന്ന് അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ച മറ്റൊരു സഹതാരമാണ് ഇക്കാര്യത്തിൽ വില്ലനെന്നും ഉത്തപ്പ കഴിഞ്ഞദിവസം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
സംസവത്തെക്കുറിച്ച് ഉത്തപ്പ വിവരിക്കുന്നത് ഇങ്ങനെയാണ്. താനും കരുൺ നായരും കർണാടക ക്രിക്കറ്റ് ടീമിൽ ഒരുമിച്ചുകളിക്കുന്ന സമയം. ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് എത്തണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഞാനുമായി നല്ല സൗഹൃദത്തിലായിരുന്ന കരുണിന് ടെസ്റ്റ് ടീം സെലക്ഷൻ ലഭിക്കുന്നത് അപ്പോഴാണ്. ആയിടയ്ക്ക് ഒരു അഭിമുഖത്തിൽ ടെസ്റ്റ് ടീമിൽ ഇടം കിട്ടാത്തതിനെക്കുറിച്ച് എന്നോടു ചോദിച്ചപ്പോൾ അത് എല്ലാവർക്കും എളുപ്പം കിട്ടണമെന്നില്ല, ചിലർക്ക് പെട്ടെന്ന് കിട്ടുമെന്ന് പറഞ്ഞു. കർണാടക ടീമിലെ ഒരു സുഹൃത്ത് അഭിമുഖത്തിന്റെ ഈ ഭാഗം കരുണിനെ കാണിച്ച് ഇത് താൻ കരുണിനെക്കുറിച്ച് പറഞ്ഞതാണെന്ന്അവനെ വിശ്വസിപ്പിച്ചു. അതിനുശേഷം കരുൺ എന്നോടു മിണ്ടിയിട്ടേയില്ല. ഞാനൊരു ഇളയ സഹോദരനെപ്പോലെയാണ് കരുണിനെ കണ്ടിരുന്നത്. ആ ബന്ധം അങ്ങനെ അറ്റുപോയി.
കർണാടക ടീമിൽ തുടരാൻ തന്നെ എനിക്ക് ബുദ്ധിമുട്ടായി. താൻ ടീമിനെ തകർക്കാൻ ശ്രമിക്കുന്നെന്ന് ആർക്കെങ്കിലും തോന്നുന്നെങ്കിൽ പറയണമെന്ന് ടീം മീറ്റിംഗിൽ ഞാൻ ആവശ്യപ്പെട്ടു. ആരും ഒന്നും മിണ്ടിയില്ല. അതോടെ സംഘടിതമായി അവരെല്ലാം എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് മനസിലായി. അതോടെയാണ് കർണാടകയ്ക്ക് വേണ്ടി 100-ാമത് ഫസ്റ്റ് ക്ളാസ് മത്സരം കളിക്കാൻ നിൽക്കാതെ സൗരാഷ്ട്രയിലേക്ക് മാറിയത്.
ടെസ്റ്റ് കളിക്കാത്ത ഉത്തപ്പ
2006ൽ ഇന്ത്യൻ ഏകദിന ടീമിൽ അരങ്ങേറിയ റോബിൻ ഉത്തപ്പ 2007ലെ ട്വന്റി-20 ലോകകപ്പ് നേട്ടത്തിൽ നിർണായക
പങ്ക് വഹിച്ചെങ്കിലും ഒരു ടെസ്റ്റുപോലും കളിക്കാതെയാണ് 2022ൽ വിരമിച്ചത്. കർണാടക ടീമിനുവേണ്ടി ഒന്നരപ്പതിറ്റാണ്ടോളം കളിച്ചശേഷം സൗരാഷ്ട്രയിലേക്ക് മാറി. കേരളത്തിനായാണ് ഒടുവിൽ രഞ്ജി കളിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |