ഏഷ്യാ കപ്പിൽ ഇന്ന് പാകിസ്ഥാൻ Vs ശ്രീലങ്ക സൂപ്പർ ഫോർ പോരാട്ടം
8 pm മുതൽ സോണി ടെൻ സ്പോർട്സിലും സോണിലിവിലും
ദുബായ് : ഏഷ്യാകപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒരുവട്ടം കൂടി ഏറ്റുമുട്ടുമോ എന്ന് ഇന്നറിയാം. സൂപ്പർ ഫോർ റൗണ്ടിലെ പാകിസ്ഥാന്റെ രണ്ടാം മത്സരം ഇന്ന് ശ്രീലങ്കയ്ക്ക് എതിരെയാണ്. സൂപ്പർ ഫോർ റൗണ്ടിലെ ആദ്യമത്സരത്തിൽ ഇന്ത്യയോട് തോറ്റിരുന്ന പാകിസ്ഥാന് ഈ കളിയും തോറ്റാൽ പെട്ടിയും തൂക്കി നാട്ടിലേക്ക് മടങ്ങാനുള്ള വഴി തെളിയും. ജയിച്ചാൽ ബംഗ്ളാദേശിനെതിരായ മത്സരത്തിന്റെ വിധി കൂടി പരിഗണിച്ച് ഫൈനലിലെത്താൻ സാദ്ധ്യതയുണ്ട്.
ദുർബലരായ ഒമാനും യു.എ.ഇയ്ക്കും എതിരെ മാത്രമാണ് ടൂർണമെന്റിൽ ഇതുവരെ പാകിസ്ഥാൻ ജയിച്ചത്. ആദ്യ മത്സരത്തിൽ 93 റൺസിനായിരുന്നു ഒമാനെതിരായ വിജയം. തുടർന്ന് ഇന്ത്യയുമായി ഏഴുവിക്കറ്റിന് തോറ്റു. യു.എ.ഇയ്ക്ക് എതിരെ 41 റൺസിന് ജയിച്ചതോടെയാണ് സൂപ്പർ ഫോറിൽ കടന്നത്. സൂപ്പർ ഫോറിൽ ഇന്ത്യയ്ക്ക് എതിരെ ആറുവിക്കറ്റിനായിരുന്നു തോൽവി. ആദ്യം ബാറ്റ് ചെയ്ത് 171/5 എന്ന സ്കോർ ഉയർത്തിയ പാകിസ്ഥാനെ ഏഴുപന്തും ആറ് വിക്കറ്റുകളും ബാക്കിനിറുത്തിയാണ് ഇന്ത്യ കീഴടക്കിയത്. ഇന്ത്യയ്ക്ക് എതിരായ പാകിസ്ഥാന്റെ തുടർച്ചയായ ഏഴാം തോൽവിയായിരുന്നു ഇത്.
ഗ്രൂപ്പ് ബിയിൽ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ശ്രീലങ്ക സൂപ്പർ ഫോറിലെത്തിയത്.ആദ്യ മത്സരത്തിൽ ബംഗ്ളാദേശിനെ ആറുവിക്കറ്റിനും രണ്ടാം മത്സരത്തിൽ ഹോംഗ്കോംഗിനെ നാലുവിക്കറ്റിനുമാണ് തോൽപ്പിച്ചത്.അവസാന ഗ്രൂപ്പ് മത്സരത്തിൽ അഫ്ഗാനെതിരെ ആറുവിക്കറ്റ് ജയം. എന്നാൽ സൂപ്പർ ഫോറിലെ ആദ്യമത്സരത്തിൽ ബംഗ്ളാദേശ് കഴിഞ്ഞദിവസം ശ്രീലങ്കയെ തോൽപ്പിച്ചിരുന്നു. നാലുവിക്കറ്റിനായിരുന്നു ബംഗ്ളാദേശിന്റെ ജയം.ആദ്യം ബാറ്റ് ചെയ്ത ലങ്ക 168/7ലൊതുങ്ങിയപ്പോൾ ബംഗ്ളാദേശ് ഒരു പന്ത് ബാക്കിനിൽക്കേ ആറുവിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു.
ഇന്ത്യ നാളെ
ബംഗ്ളാദേശിനോട്
സൂപ്പർ ഫോറിലെ ഇന്ത്യയുടെ രണ്ടാം മത്സരം നാളെ ബംഗ്ളാദേശുമായാണ്. ഈ മത്സരം ജയിച്ചാൽ ഇന്ത്യയുടെ ഫൈനൽ സാദ്ധ്യതകൾ വർദ്ധിക്കും . ബംഗ്ളാദേശിനും ജയിച്ചാൽ ഫൈനലിലേക്ക് മുന്നേറാൻ വഴിതെളിയും. വെള്ളിയാഴ്ച ശ്രീലങ്കയുമായാണ് ഇന്ത്യയുടെ അവസാന സൂപ്പർ ഫോർ മത്സരം. സൂപ്പർ ഫോറിലെ നാലുടീമുകൾ പരസ്പരം ഏറ്റുമുട്ടി കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകളാണ് 28ന് നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |