രൂപയുടെ മൂല്യയിടിവും വലിയ നേട്ടമാകുന്നില്ല
കൊച്ചി: അമേരിക്കയിലെ ധന സാഹചര്യങ്ങൾ മെച്ചപ്പെടുമ്പോഴും ഇന്ത്യൻ ഐ.ടി കമ്പനികളുടെ വെല്ലുവിളികൾ ഒഴിയുന്നില്ല. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസങ്ങളിൽ ഇന്ത്യയിലെ പ്രമുഖ കമ്പനികൾക്ക് പ്രവർത്തനം കാര്യമായി മെച്ചപ്പെടുത്താനായില്ല. യൂറോപ്പിലും യു.എസിലും മാന്ദ്യ സാഹചര്യങ്ങൾ ശക്തമാണെങ്കിലും പുതിയ കരാറുകൾ നേടാൻ മുൻനിര കമ്പനികൾക്ക് കഴിഞ്ഞു. എന്നാൽ വമ്പൻ കോർപ്പറേറ്റുകൾ മുതൽ ചെറുകിട കമ്പനികൾ വരെ വിലപേശൽ ശക്തമാക്കിയതോടെ ഐ.ടി രംഗത്ത് മാർജിൻ സമ്മർദ്ദമേറുകയാണ്. പ്രമുഖ ഐ.ടി കമ്പനികളായ ടി.സി.എസ്, ഇൻഫോസിസിസ്, വിപ്രോ, എച്ച്.സി.എൽ ടെക്നോളജീസ്, ടെക്ക് മഹീന്ദ്ര എന്നിവ വരുമാന വളർച്ചയിലും മാർജിനിലും ജീവനക്കാരുടെ റിക്രൂട്ട്‌മെന്റിലും പുതിയ കരാറുകളിലും വെല്ലുവിളി നേരിടുകയാണെന്ന് കണക്കുകൾ പറയുന്നു.
വരുമാന വളർച്ചയിൽ മികച്ച നേട്ടവുമായി എച്ച്.സി.എൽ ടെക്നോളജീസാണ് മുൻനിരയിൽ. ഇക്കാലയളവിൽ 3.8 ശതമാനം വളർച്ചയാണ് എച്ച്.സി.എൽ നേടിയത്. എന്നാൽ കഴിഞ്ഞ പാദങ്ങളിൽ തളർച്ചയിലായിരുന്ന വിപ്രോ വരുമാനത്തിൽ സ്ഥിതി മെച്ചപ്പെടുത്തി. ഇൻഫോസിസ് വരുമാനത്തിൽ 1.7 ശതമാനം വർദ്ധന കൈവരിച്ചു. അതേസമയം ടി.സി.എസി.ന്റെ വരുമാനത്തിൽ സെപ്തംബർ പാദത്തേക്കാൾ 0.4 ശതമാനം ഇടിവുണ്ടായി.
അടുത്ത വർഷം മെച്ചപ്പെടുമെന്ന് കമ്പനികൾ
പുതിയ കരാറുകൾ നേടുന്നതിലും നിലവിലുള്ളവ തുടരുന്നതിലും പ്രതീക്ഷാനിർഭരമായ സാഹചര്യമാണുള്ളതെന്ന് കമ്പനികൾ പറയുന്നു. ആഗോള നാണയപ്പരുപ്പ സാഹചര്യങ്ങളും പലിശ കുറയുന്നതിലെ അനിശ്ചിതത്വങ്ങളും നിലനിൽക്കുമ്പോഴും വിദേശ കമ്പനികൾ ഐ.ടി മേഖലയിൽ കൂടുതൽ പണം മുടക്കാൻ തയ്യാറാകുന്നുവെന്ന് അവർ പറയുന്നു. അവലോകന കാലയളവിൽ ആയിരം കോടി ഡോളറിന്റെ കരാറുകളാണ് ടി.സി.എസ് നേടിയത്. ബാങ്കിംഗ്, ധനകാര്യ, ഇൻഷ്വറൻസ് മേഖലകളിൽ നിന്നാണ് കൂടുതൽ ഓർഡറുകൾ ലഭിക്കുന്നത്.
കൊഴിഞ്ഞുപോക്ക് ശക്തമാകുന്നു
ജീവനക്കാരുടെ വലിയ തോതിലുള്ള കൊഴിഞ്ഞുപോക്കാണ് ഇന്ത്യൻ ഐ.ടി കമ്പനികളെ ഏറെ വലയ്ക്കുന്നത്. ഇക്കാലയളവിൽ ടി.സി.എസിന്റെയും വിപ്രോയുടെയും ജീവനക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. ടി.സി.എസിലെ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് 13.5 ശതമാനമായി ഉയർന്നു. ഇൻഫോസിസിലെ കൊഴിഞ്ഞുപോക്ക് നിരക്ക് 13.7 ശതമാനമായാണ് ഉയർന്നത്.
കമ്പനി അറ്റാദായം(രൂപയിൽ)
ടി.സി.എസ് 12,380 കോടി
ഇൻഫോസിസ് 6,806 കോടി
വിപ്രോ 3,354 കോടി
എച്ച്.സി.എൽ ടെക്ക് 4,591 കോടി
ടെക്ക് മഹീന്ദ്ര 963 കോടി
അഞ്ച് പ്രധാന ഐ.ടി കമ്പനികളുടെ സംയുക്ത അറ്റാദായം
28,094 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |