
ആഗോള പ്രതിസന്ധികൾ നേരിടാൻ കരുത്തേറുന്നു
കൊച്ചി: ഫെബ്രുവരി രണ്ടാം വാരത്തിൽ ഇന്ത്യയുടെ വിദേശ നാണയശേഖരം 866 കോടി ഡോളർ വർദ്ധിച്ച് 72,572.7 കോടി ഡോളറിലെത്തി റെക്കാഡ് ഉയരത്തിലെത്തി. റിസർവ് ബാങ്കിന്റെ സ്വർണ ശേഖരവും കുതിച്ചുയരുകയാണ്. രൂപയുടെ ചാഞ്ചാട്ടം നിയന്ത്രിക്കുന്നതിനായി റിസർവ് ബാങ്ക് വലിയ തോതിൽ ഡോളർ വിപണിയിൽ നിന്ന് വാങ്ങിയതാണ് വിദേശ നാണയ ശേഖരത്തിൽ വർദ്ധനയുണ്ടാക്കിയത്. ജനുവരിയിൽ രേഖപ്പെടുത്തിയ 72,377.4 കോടി ഡോളറിന്റെ റെക്കാഡാണ് മറികടന്നത്. ഫെബ്രുവരി ആദ്യ വാരത്തിൽ വിദേശ നാണയശേഖരം 671.1 കോടി ഡോളർ ഇടിഞ്ഞ് 71,76.4 കോടി ഡോളറിലെത്തിയിരുന്നു.
ഫെബ്രുവരി 13ന് അവസാനിച്ച വാരത്തിൽ വിദേശ കറൻസികളുടെ മൂല്യം 355 കോടി ഡോളർ ഉയർന്ന് 57,360.3 കോടി ഡോളറായി. വിദേശ നാണയ ശേഖരത്തിൽ യൂറോ, പൗണ്ട്, യെൻ എന്നിവയുടെ മൂല്യവും കുത്തനെ കൂടി. സ്വർണ ശേഖരം 499 കോടി ഡോളർ ഉയർന്ന് 12,846 കോടി ഡോളറിലെത്തി. സ്‌പെഷ്യൽ ഡ്രോയിംഗ് റൈറ്റ്സുകളുടെ മൂല്യം 10.3 കോടി വർദ്ധിച്ച് 1,892.3 കോടി ഡോളറായി.
ഒരു വർഷത്തെ ഇറക്കുമതിക്ക് ആവശ്യമായ തുക
ഒരു വർഷത്തേക്ക് ഇന്ത്യയുടെ ഇറക്കുമതിക്കാവശ്യമായ തുക ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിലുണ്ടെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ആഗോള മേഖലയിലെ ഏതൊരു അനിശ്ചിതത്വങ്ങളും നേരിടാൻ ഇന്ത്യയ്ക്ക് ഇതോടെ കരുത്ത് കൂടും. ഇന്ത്യയും അമേരിക്കയുമായി വ്യാപാര കരാറിന്റെ ചട്ടക്കൂട് ധാരണയായതോടെ വിദേശ നിക്ഷേപകർ തിരിച്ചെത്തുകയാണെന്നും രൂപയുടെ മൂല്യത്തിൽ സ്ഥിരത കൈവരിച്ചെന്നും റിസർവ് ബാങ്ക് പത്രക്കുറിപ്പിൽ പറഞ്ഞു.
രൂപയുടെ മൂല്യം 31 പൈസ കുറഞ്ഞ് 90.99ൽ
വിദേശ നാണയ ശേഖരത്തിലെ വമ്പൻ രാജ്യങ്ങൾ
ചൈന 3,64,314 കോടി ഡോളർ
ജപ്പാൻ 1,39,475 കോടി ഡോളർ
സ്വിറ്റ്സർലൻഡ് 1,07,773 കോടി ഡോളർ
ഇന്ത്യ 72,572.7 കോടി ഡോളർ
തയ്‌വാൻ 59,7430 കോടി ഡോളർ
റിസർവ് ബാങ്കിന്റെ സ്വർണ ശേഖരം
12,846 കോടി ഡോളർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |