
ദേശീയ, വിദേശ ഗ്രൂപ്പുകളെ ആകർഷിക്കാനാകും
കൊച്ചി: മൈസ്(മീറ്റിംഗ്സ്, ഇൻസെന്റീവ്‌സ്, കോൺഫറൻസ്, എക്സിബിഷൻസ്) ടൂറിസത്തിൽ രാജ്യത്തെ ഏറ്റവും പ്രധാന കേന്ദ്രമായി വളരാൻ ബാർ സമയമാറ്റം കേരളത്തിന് പുതിയ അവസരം തുറന്നിടുന്നു. ടൂറിസം വളർച്ചയ്‌ക്കും കോടികളുടെ അധികവരുമാനത്തിനും ഇതിലൂടെ വഴിതെളിയും. ടൂറിസം, ഇവന്റ് മാനേജ്മെന്റ് മേഖലകളുടെ ദീർഘകാല ആവശ്യമാണ് സർക്കാർ അംഗീകരിച്ചത്.
വൻകിട സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, ബിസിനസ് യോഗങ്ങൾ, ആഡംബരവിവാഹങ്ങൾ എന്നിവ അടങ്ങുന്ന മൈസ് ടൂറിസത്തിൽ വിദേശികളുൾപ്പെടെ എത്താനും കോടികൾ ചെലവഴിക്കാനും അവസരമൊരുങ്ങുകയാണ്.
എല്ലാ മാസത്തെയും ഒന്നാം തിയതിയിലും രാത്രി 11 മണിക്ക് ശേഷവുമുള്ള മദ്യനിരോധനം മൈസിന് തടസമായിരുന്നു. ഇതിനാൽ കേരളത്തിൽ നിന്നും നിരവധി പരിപാടികൾ ഗോവ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് മാറിയിരുന്നു. രാത്രി 9നും 10നുമിടയിൽ സമ്മേളനങ്ങൾ അവസാനിച്ചതിന് ശേഷം വിരുന്നിനായി നേരത്തെ ഒരു മണിക്കൂർ മാത്രമാണ് പരമാവധി ലഭിച്ചിരുന്നത്.
വിദേശ, ഉത്തരേന്ത്യൻ വിവാഹച്ചടങ്ങുകളും രാത്രി വൈകിയാണ് അവസാനിക്കുക. പഞ്ചനക്ഷത്ര ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവയിൽ അതിഥികൾ മാത്രമാണ് പങ്കെടുക്കുന്നതെന്ന് ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ കേരള (ഇ മാക്) ഭാരവാഹികൾ പറഞ്ഞു. ഇ മാക്, കേരള ട്രാവൽമാർട്ട് സൊസൈറ്റി (കെ.ടി.എം) എന്നിവയ്‌ക്ക് പുറമെ ഉത്തരേന്ത്യൻ ഇവന്റ് മാനേജ്മെന്റ് കമ്പനികളും ഇളവ് ആവശ്യപ്പെട്ടിരുന്നു.
കോടികൾ ഒഴുകുന്ന മൈസ്
വൻകിട സമ്മേളനങ്ങൾക്ക് കോടികളാണ് ചെലവഴിക്കുന്നത്. കഴിഞ്ഞ നവംബറിൽ അഞ്ചുദിവസം നീണ്ട ഡോക്‌ടർമാരുടെ സമ്മേളനമായ പെഡിക്കോണിന് 200 കോടി രൂപയിലേറെയാണ് ചെലവഴിച്ചത്.
വൻകിട കൺവെൻഷൻ സെന്ററുകൾ, നക്ഷത്ര ഹോട്ടലുകൾ, പ്രദർശന വേദികൾ, അന്താരാഷ്ട്ര വിമാനത്താവളങ്ങൾ എന്നിവയ്‌ക്ക് പുറമെ, ബീച്ചുകൾ, വിനോദസൗകര്യങ്ങൾ എന്നിവയും മൈസിൽ കേരളത്തിന്റെ സാദ്ധ്യതകളാണ്.
മൈസ് രംഗത്തിന് കുതിപ്പുനൽകുന്നതാണ് തീരുമാനം. ദീർഘകാല ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്.
രാജു കണ്ണമ്പിള്ളി
പ്രസിഡന്റ്
ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ കേരള
ടൂറിസം രംഗത്തെ കുതിപ്പിനും മൈസിലൂടെ വൻതോതിൽ സുസ്ഥിര വരുമാനമുണ്ടാക്കാനും തീരുമാനം സഹായിക്കും.
ജോസ് പ്രദീപ്
പ്രസിഡന്റ്
കേരള ട്രാവൽ മാർട്ട് സൊസൈറ്റി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |