വ്യാപാര യുദ്ധം പുതിയ ഉയരങ്ങളിലേക്ക്
കൊച്ചി: അമേരിക്ക ഇറക്കുമതി നടത്തുന്ന ഉത്പന്നങ്ങളുടെ തീരുവ കുത്തനെ ഉയർത്തിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടി ആഗോള വ്യാപാര മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുന്നു. വ്യാപാര ബന്ധങ്ങളിൽ മാറ്റം വരുന്നതിനും ലോക വിപണികളെ മാന്ദ്യത്തിലേക്ക് നയിക്കാനും പുതിയ സാഹചര്യം ഇടയൊരുക്കിയേക്കും. ഇന്ത്യയും യൂറോപ്യൻ യൂണിയനും ചൈനയും ഉൾപ്പെടെയുള്ള 60 രാജ്യങ്ങൾക്കെതിരെ അധിക തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ ലോകമെമ്പാടുമുള്ള ഓഹരി വിപണികൾ ഇന്നലെ തകർന്നടിഞ്ഞു. സുരക്ഷിതത്വം തേടി നിക്ഷേപകർ സ്വർണത്തിലേക്ക് പണമൊഴുക്കിയതോടെ പവൻ വില 400 രൂപ വർദ്ധിച്ച് 68,480 രൂപയിലെത്തി. ചൈന, ജപ്പാൻ എന്നിവിടങ്ങളിലെ ഓഹരികൾ കനത്ത നഷ്‌ടം നേരിട്ടു. ഇതിനിടെ ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളറിന്റെ മൂല്യത്തിലും കനത്ത ഇടിവുണ്ടായി. ഇതോടെ ഡോളറിനെതിരെ രൂപ നില മെച്ചപ്പെടുത്തി.
ട്രംപിന്റെ വ്യാപാര നയങ്ങളെ അപലപിച്ച് അമേരിക്കയുടെ സഖ്യ കക്ഷികളും രംഗത്തെത്തി. സുഹൃത്ത് രാജ്യത്തിൽ നിന്ന് പ്രതീക്ഷിച്ച നടപടിയല്ല ഇതെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി അന്തോണി ആൽബോനീസ് പറഞ്ഞു. തീരുമാനം പുനപരിശോധിച്ചില്ലെങ്കിൽ അമേരിക്കൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുത്തനെ കൂട്ടുമെന്ന് ചൈന മുന്നറിയിപ്പ് നൽകി.
അടിതെറ്റാതെ ഇന്ത്യൻ ഓഹരികൾ
ഏഷ്യയിലെയും യൂറോപ്പിലെയും വിപണികൾ കനത്ത നഷ്‌ടം നേരിട്ടപ്പോഴും ഇന്ത്യൻ ഓഹരികൾ ഇന്നലെ അടിതെറ്റാതെ പിടിച്ചുനിന്നു. ഏഷ്യയിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ തീരുവ വർദ്ധനയുടെ തോത് കുറഞ്ഞതാണ് നിക്ഷേപകർക്ക് ആശ്വാസമായത്. വ്യാപാരാന്ത്യത്തിൽ സെൻസെക്സ് 322.08 പോയിന്റിന്റെ നഷ്‌ടവുമായി 76,295.36ൽ അവസാനിച്ചു. നിഫ്‌റ്റി 82.25 പോയിന്റ് കുറഞ്ഞ് 23,250.10ൽ എത്തി.
രാജ്യാന്തര സ്വർണ വിലയിൽ ഇടിവ്
രാജ്യാന്തര വിപണിയിൽ സ്വർണ വില ഇന്നലെ ഔൺസിന് 71 ഡോളർ ഇടിഞ്ഞ് 3,060 ഡോളറിലെത്തി. ഇതോടെ ഇന്ന് കേരളത്തിൽ പവൻ വില 800 രൂപ വരെ കുറയാനിടയുണ്ട്.
വിപണി വികസിപ്പിക്കാൻ അവസരം
വിയറ്റ്നാം, ചൈന, കമ്പോഡിയ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിലെ ഉത്പന്നങ്ങൾക്ക് അമേരിക്ക ഉയർന്ന തീരുവ ഈടാക്കുമ്പോൾ ഇന്ത്യൻ കമ്പനികൾക്ക് പുതിയ അവസരങ്ങൾ ലഭിച്ചേക്കും. ബ്രസീൽ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് പത്ത് ശതമാനം തീരുവ മാത്രമുള്ളതാണ് പ്രധാന വെല്ലുവിളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |