കൊച്ചി: വെളിച്ചെണ്ണ വില നിയന്ത്രിക്കുന്നതിന് നിലവിലെ ടെൻഡർ റദ്ദാക്കി സപ്ലൈകോ പുതിയ ടെൻഡർ വിളിക്കും. കേരളത്തിലെ വെളിച്ചെണ്ണ ഉത്പാദകർക്കും ടെൻഡറിൽ പങ്കെടുക്കാൻ ഇതോടെ അവസരം ലഭിക്കും. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ഉത്പാദകരുടെ യോഗത്തിൽ ടെൻഡറിൽ പങ്കെടുക്കാൻ ഇവർ താത്പര്യം പ്രകടിപ്പിച്ചിരുന്നു. അന്യസംസ്ഥാന സപ്ളയർമാരാണ് സപ്‌ളൈകോയ്ക്ക് പ്രധാനമായും വെളിച്ചെണ്ണയും നൽകുന്നത്.
സപ്ളൈകോയ്ക്ക് കുറഞ്ഞ നിരക്കിൽ വെളിച്ചെണ്ണ നൽകാൻ തയ്യാറാണെന്നും പണം വേഗം ലഭ്യമാക്കണമെന്നും ഉത്പാദകർ യോഗത്തിൽ ആവശ്യപ്പെട്ടപ്പോൾ 15 ദിവസത്തിനുള്ളിൽ പണം നൽകാമെന്ന് ഉറപ്പുനൽകിയെന്ന് ഭക്ഷ്യ, സിവിൽ സപ്ളൈസ് മന്ത്രി ജി.ആർ. അനിൽ കേരളകൗമുദിയോട് പറഞ്ഞു. എട്ട് പ്രമുഖ കമ്പനികളടക്കം സ്വകാര്യ, സഹകരണ മേഖലകളിലെ അൻപതിലധികം ഉത്പാദകർ യോഗത്തിൽ പങ്കെടുത്തു.
സപ്ളൈകോയുടെ സബ്സിഡി കൂടി ലഭിക്കുമ്പോൾ ഓണക്കാലത്ത് സാധാരണക്കാരന് ഏറെ ആശ്വാസമാകും. വില കുറച്ച് നൽകിയാൽ സ്വകാര്യ കമ്പനികളുടെ വെളിച്ചെണ്ണ അവരുടെ ബ്രാൻഡിൽ വിൽക്കാൻ സപ്ളൈകോ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ തേങ്ങ തമിഴ്നാട്ടിലെത്തിച്ച് കൊപ്രയും വെളിച്ചെണ്ണയുമായി തിരിച്ചെത്തിക്കുന്നത് അവസാനിക്കണം. കേരഫെഡ് പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ കർഷകരിൽ നിന്ന് തേങ്ങ നേരിട്ട് വാങ്ങി വെളിച്ചെണ്ണയാക്കിയാൽ കർഷകർക്കും ഉപകാരമാകും. ഇപ്പോഴത്തെ പ്രതിസന്ധിയുടെ പേരിൽ നാളികേര, വെളിച്ചെണ്ണ ഇറക്കുമതി നടത്താനാകില്ല. കൊപ്രയ്ക്ക് കിലോ 240 രൂപയുള്ളപ്പോൾ വെളിച്ചെണ്ണയ്ക്ക് കൊള്ളവില ഈടാക്കുന്നത് ശരിയല്ല. വിലക്കയറ്റത്തിന്റെ മറവിൽ മായം ചേർത്ത എണ്ണ ഇറക്കിയാൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.
വില കുറച്ചാൽ സ്വകാര്യ കമ്പനികളുടെ ബ്രാൻഡുകൾ
സപ്ളൈകോയിലൂടെ വിൽക്കാം
ഉത്പാദകർക്ക് 15 ദിവസത്തിനകം പണം ലഭ്യമാക്കും
കേരഫെഡ് ഉൾപ്പെടെ കർഷകരിൽ നിന്ന് തേങ്ങ നേരിട്ട്
വാങ്ങണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |