ജൂണിൽ വാങ്ങിയത് 500 കിലോഗ്രാം സ്വർണം
കൊച്ചി: സാമ്പത്തിക അനിശ്ചിതത്വങ്ങൾ മറികടക്കാൻ റിസർവ് ബാങ്ക് സ്വർണം വാങ്ങികൂട്ടുന്നു. ജൂണിൽ മാത്രം 500 കിലോ സ്വർണമാണ് റിസർവ് ബാങ്ക് വാങ്ങിയത്. ഇതോടെ റിസർവ് ബാങ്കിന്റെ മൊത്തം സ്വർണ ശേഖരം 879.8 ടണ്ണായി ഉയർന്നു. അഞ്ച് വർഷത്തിനിടെ വിദേശ നാണയ ശേഖരത്തിലെ സ്വർണത്തിന്റെ മൂല്യത്തിൽ 80 ശതമാനം വർദ്ധനയാണുണ്ടായത്. നിലവിൽ മൊത്തം ശേഖരത്തിൽ 12.1 ശതമാനമാണ് സ്വർണത്തിന്റെ വിഹിതം. യു.എസ് ഡോളർ, യൂറോ, പൗണ്ട്, ജാപ്പനീസ് യെൻ, എ.ഡി.ആർ തുടങ്ങിയവയാണ് വിദേശ നാണയ ശേഖരത്തിലുള്ള മറ്റ് പ്രധാന ആസ്തികൾ.
വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകളനുസരിച്ച് പ്രതിവർഷം ആയിരം ടൺ സ്വർണമാണ് വിവിധ കേന്ദ്ര ബാങ്കുകൾ മൂന്ന് വർഷത്തിനിടെ വിപണിയിൽ നിന്ന് വാങ്ങിയത്.
ട്രംപ് ഭീതി സ്വർണത്തിന് അനുകൂലം
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധം ശക്തമായതാണ് വിവിധ കേന്ദ്ര ബാങ്കുകൾക്ക് സ്വർണത്താേട് പ്രിയം വർദ്ധിപ്പിച്ചത്. സാമ്പത്തിക അനിശ്ചിതത്വ കാലത്ത് ഏറ്റവും സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ വിലയിരുത്തുന്നത്. ട്രംപിന്റെ തീരുവ നടപടികൾ ആഗോള വ്യാപകമായി നാണയപ്പെരുപ്പം വർദ്ധിപ്പിക്കാൻ ഇടയുണ്ട്. വൻകിട ഫണ്ടുകൾക്ക് അമേരിക്കൻ ഡോളറിൽ വിശ്വാസം കുറഞ്ഞതും ബദൽ നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് അനുകൂലമായി.
വില താഴുന്നു
യൂറോപ്യൻ യൂണിയനുമായി അമേരിക്ക വ്യാപാര കരാർ ഒപ്പുവച്ചതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില താഴേക്ക് നീങ്ങുന്നു. സിംഗപ്പൂർ എക്‌സ്ചേഞ്ചിൽ സ്വർണ വില ഔൺസിന് 3,320 ഡോളറിലേക്കാണ് താഴ്ന്നത്. കേരളത്തിൽ പവൻ വില ഇന്നലെ 80 രൂപ കുറഞ്ഞ് 73,200 രൂപയായി. ജൂലായ് 23ന് രേഖപ്പെടുത്തിയ റെക്കാഡ് വിലയായ 75,040 രൂപയിൽ നിന്ന് പവന് ഒരാഴ്ചയ്ക്കിടെ 2,840 രൂപയുടെ ഇടിവുണ്ടായി.
കേന്ദ്ര ബാങ്കുകളുടെ സ്വർണ ശേഖരം
രാജ്യം : അളവ്
അമേരിക്ക : 8,200 ടൺ
ജർമ്മനി : 3,360 ടൺ
ഇറ്റലി : 2,455 ടൺ
ഫ്രാൻസ് : 2,440 ടൺ
റഷ്യ : 2,335 ടൺ
ചൈന : 2,290 ടൺ
സ്വിറ്റ്സർലൻഡ് : 1,040 ടൺ
ഇന്ത്യ : 879.8 ടൺ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |