ഡോളറിനെതിരെ മൂല്യം നാല് മാസത്തെ കുറഞ്ഞ തലത്തിൽ
കൊച്ചി: വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ക്രൂഡോയിൽ വിലയിലെ കുതിപ്പും ഇന്ത്യൻ രൂപയ്ക്ക് കടുത്ത വെല്ലുവിളി സൃഷ്‌ടിക്കുന്നു. ഇന്നലെ അമേരിക്കൻ ഡോളറിനെതിരെ രൂപ നാല് മാസത്തെ ഏറ്റവും താഴ്ന്ന തലത്തിലേക്കാണ് മൂക്കുകുത്തിയത്. യൂറോപ്യൻ യൂണിയനും അമേരിക്കയുമായി പുതിയ വ്യാപാര കരാർ ഒപ്പുവച്ചതോടെ ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ കരുത്താർജിച്ചതും രൂപയ്ക്ക് സമ്മർദ്ദം സൃഷ്‌ടിച്ചു. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ ഇടിഞ്ഞ് 86.62ൽ എത്തി. അമേരിക്കൻ സാമ്പത്തിക മേഖല മികച്ച വളർച്ച തുടരുമെന്ന വിലയിരുത്തലിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വലിയ തോതിൽ പണം പിൻവലിച്ചതോടെ ഡോളറിന്റെ ആവശ്യം ഗണ്യമായി ഉയർന്നു. മാസാവസാനത്തിന്റെ ഭാഗമായി പൊതുമേഖല എണ്ണക്കമ്പനികളും ഇറക്കുമതി സ്ഥാപനങ്ങളും വൻതോതിൽ ഡോളർ വാങ്ങികൂട്ടിയതും രൂപയ്ക്ക് തിരിച്ചടി സൃഷ്‌ടിച്ചു.
നിക്ഷേപകർ കാത്തിരിക്കുന്നത്
അമേരിക്കയിലെ ഫെഡറൽ റിസർവിന്റെയും ബാങ്ക് ഒഫ് ജപ്പാന്റെയും ധന നയ യോഗ തീരുമാനങ്ങളാണ് രൂപയുടെ അടുത്ത നീക്കങ്ങളെ സ്വാധീനിക്കുന്നത്. യൂറോപ്യൻ യൂണിയനും അമേരിക്കയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ചതോടെ രാജ്യാന്തര തലത്തിൽ യൂറോ, യെൻ, പൗണ്ട് എന്നിവയ്ക്ക് എതിരെ ഡോളറിന് കരുത്ത് പകർന്നത്. ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാര കരാർ യാഥാർത്ഥ്യമായാൽ രൂപ ശക്തമായി തിരിച്ചു കയറിയേക്കും.
വ്യാപാര കമ്മി കൂടുമെന്ന് ആശങ്ക ശക്തം
രാജ്യത്തെ ഐ.ടി മേഖല കടുത്ത അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നതിനാൽ ഇന്ത്യയുടെ കയറ്റുമതി വരുമാനത്തിൽ ഗണ്യമായ ഇടിവ് നേരിടാൻ സാദ്ധ്യതയേറുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടി.സി.എസ് നടപ്പു സാമ്പത്തിക വർഷം 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന പ്രഖ്യാപനം സേവന കയറ്റുമതി മേഖലയിലെ തിരിച്ചടിയുടെ സൂചനയായി വിലയിരുത്തുന്നു. ഇതിനാൽ വരും മാസങ്ങളിൽ ഇന്ത്യയുടെ വ്യാപാരം കമ്മി ഗണ്യമായി കൂടുമെന്ന ആശങ്കയും ശക്തമാണ്.
വിദേശ നിക്ഷേപകർ പിന്മാറുന്നു
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസക്കാലയളവിൽ ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ പ്രവർത്തന ഫലങ്ങൾ നിരാശപ്പെടുത്തിയതോടെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വൻതോതിൽ ഓഹരി വിപണിയിൽ നിന്ന് പണം പിൻവലിക്കുകയാണ്. ഇപ്പോഴത്തെ ട്രെൻഡുകൾ തുടർന്നാൽ നടപ്പുവർഷം ഡോളറിനെതിരെ രൂപയുടെ മൂല്യം 90 വരെ താഴാനിടയുണ്ട്.
ജൂലായിൽ വിദേശ നിക്ഷേപകർ പിൻവലിച്ചത്
30,000 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |