ആഗോള വിപണികളിൽ തകർച്ച രൂക്ഷം
കൊച്ചി: ട്രംപിന്റെ വ്യാപാര യുദ്ധം അതിരൂക്ഷമായതോടെ ലോകമൊട്ടാകെയുള്ള ഓഹരി, നാണയ, സ്വർണ, ക്രൂഡോയിൽ വിപണികൾ ഇന്നലെയും തകർന്നടിഞ്ഞു. ഇന്ത്യൻ ഓഹരികൾക്കൊപ്പം ഏഷ്യയിലെയും യൂറോപ്പിലെയും അമേരിക്കയിലെയും വിപണികളും കനത്ത നഷ്‌ടം നേരിട്ടു. ക്രൂഡോയിൽ വില അഞ്ച് വർഷത്തെ ഏറ്റവും കുറഞ്ഞ തലത്തിലെത്തി. കഴിഞ്ഞ വർഷം ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ഒരു ദിവസം വിപണിയിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണ് ഇന്നലെ ഇന്ത്യൻ ഓഹരികൾ നേരിട്ടത്. മുഖ്യ സൂചികയായ സെൻസെക്സ് 2,226 പോയിന്റ് നഷ്‌ടവുമായി 73,137.79ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്‌റ്റി 742.85 പോയിന്റ് ഇടിഞ്ഞ് 22161.61ലേക്ക് മൂക്കുകുത്തി. ഓഹരികൾ വിറ്റുമാറി നിക്ഷേപകർ സുരക്ഷിത മേഖലകളായ ഡോളർ, സ്വിസ് ഫ്രാങ്ക്, യെൻ എന്നിവയിലേക്ക് മാറുകയാണ്.
ഏഷ്യയിലെ പ്രമുഖ സൂചികകളായ നിക്കി, ഹാംഗ്സെംഗ്, ടോപിക്‌സ് എന്നിവ പത്ത് ശതമാനത്തിലധികം ഇടിഞ്ഞു.
ട്രംപിന്റെ തീരുമാനത്തിന് പിന്നാലെ ചൈനയും കാനഡയും തിരിച്ചടി തീരുവ ഏർപ്പെടുത്തിയതോടെ ലോകമൊട്ടാകെ വിലക്കയറ്റ ഭീതിയും മാന്ദ്യ സാഹചര്യവും ഉയരുകയാണ്. ജർമ്മനിയിലെ പ്രധാന സൂചിക ഒൻപത് ശതമാനവും ലണ്ടൻ സൂചിക അഞ്ച് ശതമാനവും ഇടിഞ്ഞു. ബിറ്റ്കോയിന്റെ വില 78,000 ഡോളറിലേക്ക് മൂക്കുകുത്തി.
തകർച്ചയിൽ ഇന്ത്യ പിന്നിൽ
യൂറോപ്പിലെയും ഏഷ്യയിലെ മറ്റ് രാജ്യങ്ങളിലെയും അമേരിക്കയിലെയും വിപണികളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ ഓഹരികളിലെ ഇടിവ് താരതമ്യേന കുറവാണ്. യൂറോപ്പ്, ഏഷ്യൻ, യു.എസ് വിപണികൾ 13 ശതമാനം വരെ ഇടിഞ്ഞപ്പോൾ ഇന്ത്യൻ സൂചികകളിൽ നാല് ശതമാനം കുറവുണ്ടായി.
സ്വർണ വില ഔൺസിന് 3,000 ഡോളറിലേക്ക് താഴ്ന്നു
ക്രൂഡ് വില ബാരലിന് 63 ഡോളറിലേക്ക്
ബിറ്റ് കോയിൻ 70,000 ഡോളറിലേക്ക്
കരുത്തൊഴിയാതെ രൂപ@85.61
സമ്പന്നരുടെ ആസ്തി ഇടിയുന്നു
രാജ്യത്തെ അതിസമ്പന്ന പട്ടികയിലെ ആദ്യ നാലു പേരുടെ ആസ്തിയിൽ ഇന്നലെ മാത്രം 90,000 കോടി രൂപയുടെ ഇടിവുണ്ടായി. റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ആസ്തി 32,000 കോടി രൂപ കുറഞ്ഞ് 7.75 ലക്ഷം കോടി രൂപയായി. ഗൗതം അദാനിയുടെ ആസ്തി 26,000 കോടി ഇടിഞ്ഞ് 4.93 ലക്ഷം കോടി രൂപയിലെത്തി. സാവിത്രി ജിൻഡാലിന് 18,920 കോടി രൂപയും ശിവ നാടാറിന് 13,000 കോടി രൂപയും ആസ്തി നഷ്‌ടമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |