ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയിൽ നിന്ന് വിവരങ്ങൾ തേടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്നലെ കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടാത്തതിന്റെ വിശദാംശവും തേടിയതായാണ് വിവരം. എംപിമാർ നൽകിയ പരാതി പ്രധാനമന്ത്രിയുടെ ഓഫീസ് അമിത് ഷായ്ക്ക് കൈമാറിയിരുന്നു. അമിത് ഷാ പ്രധാനമന്ത്രിയുമായി വിഷയം ചർച്ച ചെയ്‌തെന്നും സൂചനയുണ്ട്. ക്രൈസ്തവ സഭകളുടെ പ്രതിഷേധം ദേശീയതലത്തിൽ ബിജെപിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണിത്.
അതേസമയം, ജാമ്യാപേക്ഷയിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ് കന്യാസ്ത്രീകൾ. ഇന്നലെ വിചാരണക്കോടതി ജാമ്യാപേക്ഷ തളളി പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. എന്‍ഐഎ കോടതിയില്‍ സമീപിക്കേണ്ടതില്ലെന്ന നിയമോപദേശം ലഭിച്ചിരുന്നു. എന്‍ഐഎ കോടതിയില്‍ നിയമനടപടികള്‍ സങ്കീര്‍ണമാകും എന്നാണ് ലഭിക്കുന്ന വിവരം. കന്യാസ്ത്രീകള്‍ക്കായി നാളെ ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ ഗുരുതരകുറ്റങ്ങളാണ് കന്യാസ്ത്രീകൾക്കെതിരെയായി ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ വെളളിയാഴ്ചയാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് തലശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകയിൽ നിന്നുള്ള സിസ്റ്റർ പ്രീതി മേരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഇവർ സഹായത്തിനായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി ദുർഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു. ഇവിടെ പെൺകുട്ടികൾ കന്യാസ്ത്രീകളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഇതിനിടെ ടിടിഇ എത്തി ടിക്കറ്റ് ചോദിച്ചെങ്കിലും പെൺകുട്ടികളുടെ കൈവശം പ്ലാറ്റ്ഫോം ടിക്കറ്റില്ലായിരുന്നു.
തുടർന്ന് കാര്യങ്ങൾ തിരക്കിയപ്പോഴാണ് തങ്ങളെ കൂട്ടാൻ കന്യാസ്ത്രീകൾ എത്തുന്നുണ്ടെന്ന് പെൺകുട്ടികൾ പറഞ്ഞത്. എന്നാൽ ഇത് ടിടിഇ വിശ്വാസത്തിലെടുത്തില്ല. തുടർന്ന് ബജ്‌റംഗ്‌ദൾ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. മനുഷ്യക്കടത്താണ് നടക്കുന്നതെന്നും പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിനായി കൊണ്ടുപോവുകയാണെന്നും ആളുകൾ ആരോപിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |