ബംഗളൂരു: ടിക്കറ്റെടുക്കാൻ നിരവധിപേർ ക്യൂനിൽക്കെ അതെല്ലാം മറന്നുകൊണ്ട് ഫോൺ സല്ലാപത്തിൽ മുഴുകിയ റെയിൽവേയിലെ ടിക്കറ്റ് ക്ലർക്കിന് പണിപോയി. കർണാടകയിലെ ഗുണ്ടക്കൽ റെയിൽവേ ഡിവിഷനിലെ ക്ലർക്കായ സി മഹേഷിനെയാണ് കൃത്യവിലോപത്തിന്റെ പേരിൽ അധികൃതർ സസ്പെൻഡ് ചെയ്തത്. മഹേഷിന്റെ ഫോൺസല്ലാപത്തിന്റെ വീഡിയോയും ടിക്കറ്റെടുക്കാൻ ക്യൂ നിൽക്കുന്ന ആൾക്കാരുടെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
യാത്രക്കാർക്ക് ടിക്കറ്റ് നൽകിക്കൊണ്ടിരിക്കെയാണ് മഹേഷിന് ഫോൺകോൾ എത്തിയത്. ഒരുമിനിട്ടിനകം തിരിച്ചുവരാമെന്ന് ടിക്കറ്റെടുക്കാൻ നിൽക്കുന്നവരോട് പറഞ്ഞശേഷം ഇയാൾ ഫോൺസംഭാക്ഷണം തുടങ്ങി. അല്പം കഴിഞ്ഞതോടെ കസേരയിൽ ചാരിക്കിടന്നായി സംസാരം. പൊട്ടിച്ചിരികളും തമാശപറച്ചിലുകളുമായി സംഭാഷണം നീണ്ടതോടെ ടിക്കറ്റെടുക്കാൻ നിന്നവർ അസ്വസ്ഥരായി. ട്രെയിൻ ഉടൻ എത്തുമെന്നും പെട്ടെന്ന് ടിക്കറ്റ് നൽകണമെന്നും പലരും ആവശ്യപ്പെട്ടെങ്കിലും മഹേഷ് അതൊന്നും ഗൗനിച്ചതേയില്ല. ഇതിനിടെ കാത്തുനിന്നവരിൽ പലരും ക്ഷമയുടെ നെല്ലിപ്പലക കണ്ട് പൊട്ടിത്തെറിക്കാൻ തുടങ്ങി. ഒടുവിൽ കാൽ മണിക്കൂർ കഴിഞ്ഞാണ് ഫോൺസംഭാഷണം അവസാനിപ്പിക്കാൻ മഹേഷ് തയ്യാറായത്. അതിനുശേഷം എല്ലാവർക്കും ടിക്കറ്റ് നൽകുകയും ചെയ്തു.
വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെയാണ് ക്ലർക്കിനെതിരെ അധികൃതർ നടപടി സ്വീകരിച്ചത്.ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയാത്ത പ്രവൃത്തി എന്നാണ് അധികൃതർ സംഭവത്തെക്കുറിച്ച് പറയുന്നത്. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണവും നടപടിയും ഉണ്ടാവും എന്നാണ് ലഭിക്കുന്ന സൂചനകൾ. സോഷ്യൽ മീഡിയയിലും മഹേഷിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |