പവൻ വില 71,880 രൂപയിലേക്ക് താഴ്ന്നു
കൊച്ചി: ആഭ്യന്തര, ആഗോള രാഷ്ട്രീയ സംഭവ വികാസങ്ങൾ സ്വർണ വിപണിയിൽ കനത്ത ചാഞ്ചാട്ടം സൃഷ്‌ടിക്കുന്നു. ഫെഡറൽ റിസർവ് പലിശ കുറയ്ക്കുന്നതിനെ സംബന്ധിച്ച് വ്യക്തമായ സൂചന നൽകാതിരുന്നതോടെ കുതിച്ചുയർന്ന രാജ്യാന്തര സ്വർണ വില അമേരിക്കയും യു.കെയും വ്യാപാര കരാർ ഒപ്പുവക്കുമെന്ന വാർത്തകളുടെ ചുവടുപിടിച്ച് കുത്തനെ താഴ്ന്നു. ഇന്നലെ തുടക്കത്തിൽ ഔൺസിന് 3,414 ഡോളർ വരെ ഉയർന്ന സ്വർണ വില ഉച്ചയ്ക്ക് ശേഷം 3,300 ഡോളറിലേക്ക് താഴ്ന്നു. ഇതോടെ കേരളത്തിലും പവൻ വിലയിൽ കനത്ത ചാഞ്ചാട്ടം ദൃശ്യമായി.
രാവിലെ കേരളത്തിൽ സ്വർണ വില പവന് 440 രൂപയുടെ വർദ്ധനയാണുണ്ടായത്. ഇതോടെ പവൻ വില 73,040 രൂപയിലെത്തി.എന്നാൽ രാജ്യാന്തര വിപണിയിൽ വിലയിടിവ് രൂക്ഷമായതോടെ ജുവലറികൾ പവൻ വിലയിൽ 1,360 രൂപയുടെ കുറവ് വരുത്തി. ഇന്നലെ പവൻ വിലയിൽ 900 രൂപയുടെ ഇടിവാണുണ്ടായത്. വ്യാപാരാന്ത്യത്തിൽ ഇന്തോ-പാക് യുദ്ധ ഭീഷണിയുടെ പശ്ചാത്തലത്തിൽ രാജ്യാന്തര വിലയിൽ വീണ്ടും വർദ്ധനയുണ്ടായി.
സ്വർണ വിപണിയിൽ ഊഹക്കച്ചവടക്കാർ പിടിമുറുക്കുന്നതാണ് വിലയിൽ കനത്ത ചാഞ്ചാട്ടം സൃഷ്‌ടിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. ഗ്രാമിന്റെ വില ഇന്നലെ 90 രൂപ കുറഞ്ഞ് 8,985 രൂപയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |