ഐ.ടി വികസന പദ്ധതികൾ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
നെടുമാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ(സിയാൽ) 200 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന സമ്പൂർണ ഡിജിറ്റൽവത്ക്കരണ പദ്ധതി 'സിയാൽ 2.0' ഇന്ന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിയാൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കും. എം.ഡി എസ്. സുഹാസ് സ്വാഗതവും ഡയറക്ടർ എം.എ. യൂസഫലി ആമുഖ പ്രസംഗവും നടത്തും. മന്ത്രി കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ വിശിഷ്ടാഥികളായിരിക്കും. യാത്രക്കാർക്ക് കൂടുതൽ സൗകര്യവും സൈബർ സുരക്ഷയിൽ ആധുനികവത്ക്കരണവുമാണ് സിയാൽ നടപ്പിലാക്കുന്നത്. ഡിപ്പാർച്ചർ സുരക്ഷാപരിശോധനാ പോയിന്റുകളിൽ ഫുൾബോഡി സ്‌കാനറുകൾ ഏർപ്പെടുത്തും. പരീക്ഷണാടിസ്ഥാനത്തിൽ ആഭ്യന്തര, രാജ്യാന്തര ടെർമിനലുകളിൽ ഓരോന്ന് വീതം ആദ്യം സ്ഥാപിക്കും.
സി.ഐ.എസ്.എഫിന്റെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള ദേഹപരിശോധനക്ക് പകരം, യാത്രക്കാർക്ക് സ്‌കാനർ കവാടത്തിലൂടെ കടന്നുപോകാം. നിരോധിതവസ്തുക്കളുണ്ടെങ്കിൽ, തിരികെയിറങ്ങി അവ മാറ്റിയശേഷം വീണ്ടും കടക്കാം. ഓട്ടോമാറ്റിക് ട്രേ റിട്രീവർ സിസ്റ്റമാണ് മറ്റൊന്ന്. ഹാൻഡ് ബാഗേജുകൾ അതിവേഗം സ്‌കാനിംഗ് നടത്താൻ ഇതോടെ കഴിയും.
സുരക്ഷയ്ക്ക് എ.ഐ സാങ്കേതികവിദ്യ
വിമാനത്താവളത്തിന്റെ ഓപ്പറേഷണൽ മേഖലയിലും പരിസരത്തും സുരക്ഷ ശക്തമാക്കുന്നതിനായി നിർമ്മിത ബുദ്ധി(എ.ഐ) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന 4000 ക്യാമറകൾ സ്ഥാപിക്കും. സൈബർ ഡിഫൻസ് ഓപ്പറേഷൻ പ്രവർത്തന സജ്ജമാകുന്നതോടെ വിമാനത്താവളവുമായി ബന്ധപ്പെട്ട എല്ലാ ഓൺലൈൻ സംവിധാനങ്ങളുടെ സെർവറുകളും സൈബർ സുരക്ഷാ സാങ്കേതികവിദ്യയും തദ്ദേശീയമായി കൈകാര്യം ചെയ്യാനാകും.
എയ്‌റോ ഡിജിറ്റൽ സമ്മിറ്റ് 'സിയാൽ 2.0'
ഉദ്ഘാടനത്തിന്റെ ഭാഗമായി സിയാൽ കൺവെൻഷൻ സെന്ററിൽ ഉച്ചയ്ക്ക് 2.30 മുതൽ എയ്‌റോ ഡിജിറ്റൽ സമ്മിറ്റ് നടക്കും. എക്‌സ്പീരിയൻസ് സെന്ററിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കും. ഉദ്ഘാടനം ചെയ്യപ്പെടുന്ന പ്രധാന പദ്ധതികളുടെ ലൈവ് ഡെമോൺസ്‌ട്രേഷൻ, റോബോട്ടിക്‌സ്, സൈബർ സുരക്ഷാ രംഗത്തെ നൂതന സംവിധാനങ്ങൾ തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ശേഷം അതേ വേദിയിൽ വിമാനത്താവളങ്ങളുടെ സാങ്കേതിക ആധുനികവത്ക്കരണത്തെക്കുറിച്ച് രണ്ട് പാനൽ ചർച്ചകളിൽ പ്രമുഖർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |