ആലപ്പുഴ: അസംസ്കൃത വസ്തുവായ പാരഫിന്റെ വില വർദ്ധനയും ആവശ്യക്കാരുടെ കുറവും കാരണം കടുത്ത പ്രതിസന്ധിയിലായി മെഴുകുതിരി നിർമ്മാണ മേഖല. ഫാക്ടറികൾ കൂടാതെ കുടിൽവ്യവസായം പോലെ കേരളത്തിൽ അയ്യായിരത്തിലധികം യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കേരള കാൻഡിൽ മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ കണക്കുകൾ പറയുന്നത്.
ഇവയിൽ അധികവും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ക്രൂഡ് ഓയിലിൽ നിന്ന് നിർമ്മിക്കുന്ന പാരഫിൻ വാക്സിന്റെ വില വർദ്ധനയാണ് ഈ വ്യവസായത്തെ തകർക്കുന്നത്.
സിഡ്കോയുടെ ഡിപ്പോകൾ വഴിയാണ് കേരളത്തിലെ സംരംഭകർക്ക് പാരഫിൻ ലഭിക്കുന്നത്. 1997ൽ പാരഫിൻ വാക്സിന്റെ വിലനിർണ്ണയത്തിൽ സംസ്ഥാന സർക്കാരിനുണ്ടായിരുന്ന അധികാരം എടുത്തുമാറ്റി.
ഇതോടെ വില നിശ്ചയിക്കലും വിതരണവും റിഫൈനറികളുടെ പൂർണ നിയന്ത്രണത്തിലായി. ഈ വർഷം ഇതുവരെ പലപ്പോഴായി അമ്പത് രൂപയാണ് പാരാഫിനിന് വർദ്ധിപ്പിച്ചത്.
പാരഫിന് കൊള്ളവില
ഒരു കിലോ പാരഫിൻ വാങ്ങണമെങ്കിൽ 150 രൂപ കൊടുക്കണം. കൊള്ളവിലയ്ക്ക് വാങ്ങി മെഴുകുതിരി നിർമ്മിച്ചാലും ആവശ്യക്കാരില്ലെന്നതാണ് അടുത്ത പ്രതിസന്ധി. പള്ളികളിലും വീടുകളിലെ പ്രാർത്ഥനാ വേളകളിലുമാണ് മെഴുകുതിരി പ്രധാനമായും ഉപയോഗിക്കുന്നത്. പല ആരാധനാലയങ്ങളിലും സ്വന്തമായി തിരി നിർമ്മിക്കുന്നുണ്ട്. പവർ കട്ടില്ലാത്തതിനാൽ വീടുകളിൽ മെഴുകുതിരി വാങ്ങി സൂക്ഷിക്കുന്ന ശീലവും ഇല്ലാതായി.
അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനയ്ക്ക് അനുസരിച്ച് തിരിക്ക് വില കൂട്ടിയാൽ ആകെയുള്ള ഉപഭോക്താക്കളെ കൂടി നഷ്ടമാകും. റിഫൈനറികൾ പാരഫിൻ വില നിശ്ചയിക്കുന്ന സംവിധാനം മാറ്റാൻ സംസ്ഥാന സർക്കാർ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്തണമെന്നതാണ് മെഴുകുതിരി നിർമ്മാണ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവരുടെ ആവശ്യം.
പാരഫിന്റെ വിലക്കയറ്റം കാരണം പിടിച്ചുനിൽക്കാൻ കഴിയുന്നില്ല. അയ്യായിരത്തിലധികം മെഴുകുതിരി യൂണിറ്റുകളിലായി പണിയെടുക്കുന്ന ജനവിഭാഗത്തിന് ക്ഷേമനിധിയടക്കം യാതൊരു ആനുകൂല്യവുമില്ല
സി.ആർ.സലിംകുമാർ,
സംസ്ഥാന പ്രസിഡന്റ്,
കേരളകാൻഡിൽ മാനുഫാക്ചറേഴ്സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |