അമേരിക്കയുടെ കടക്കെണിയിൽ ആശങ്ക ശക്തം
കൊച്ചി: അമേരിക്കയുടെ കുതിച്ചുയരുന്ന പൊതു കടം ആഗോള വിപണികളിൽ കനത്ത അനിശ്ചിതത്വം സൃഷ്‌ടിക്കുന്നു. ഡോളറിന്റെ മൂല്യത്തിലെ ചാഞ്ചാട്ടവും യു.എസ് ബോണ്ടുകളുടെ മൂല്യയിടിവും സുരക്ഷിത നിക്ഷേപ മേഖലകളിലേക്ക് പണമൊഴുക്ക് ശക്തമാക്കുകയാണ്. ഇതോടെ ലോകമെമ്പാടുമുള്ള ഓഹരി സൂചികകൾ കനത്ത വിൽപ്പന സമ്മർദ്ദം നേരിട്ടു. ഡൊണാൾഡ് ട്രംപിന്റെ പുതിയ നികുതി ബിൽ അമേരിക്കയുടെ മൊത്തം പൊതു കടത്തിൽ നാല് ലക്ഷം കോടി ഡോളറിന്റെ വർദ്ധനയുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്.
ഏഷ്യയിലെയും യൂറോപ്പിലെയും വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും കനത്ത ഇടിവ് നേരിട്ടു. സെൻസെക്സ് 645 പോയിന്റ് നഷ്‌ടത്തോടെ 80,951.99ൽ അവസാനിച്ചു. നിഫ്‌റ്റി 204 പോയിന്റ് ഇടിഞ്ഞ് 24,609.70ൽ അവസാനിച്ചു. ചെറുകിട, ഇടത്തരം ഓഹരികൾ ഒരുപരിധി വരെ ഇന്നലെ പിടിച്ചുനിന്നു. അമേരിക്കയുടെ 20 വർഷ കാലാവധിയുള്ള ബോണ്ടുകൾക്ക് കാര്യമായ വാങ്ങൽ താത്പര്യം ലഭിക്കാത്തതാണ് നിക്ഷേപകരെ ആശങ്കയിലാക്കിയത്. അമേരിക്കൻ ആസ്തികൾ വിൽക്കുകയെന്ന പുതിയ നയത്തിന് ആഗോള തലത്തിൽ പ്രാമുഖ്യം ലഭിക്കുകയാണെന്ന് ധനകാര്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
സ്വർണ വില മുകളിലേക്ക്
അമേരിക്കയുടെ സാമ്പത്തിക സ്ഥിരത സംബന്ധിച്ച ആശങ്കകൾ ശക്തമായതോടെ സ്വർണ വില മുകളിലേക്ക് നീങ്ങി. കേരളത്തിൽ പവൻ വില ഇന്നലെ 360 രൂപ ഉയർന്ന് 71,800 രൂപയിലെത്തി. ഗ്രാമിന് 45 രൂപയാണ് ഇന്നലെ കൂടിയത്. ഡൊണാൾഡ് ട്രംപിന്റെ നികുതി ബിൽ സാമ്പത്തിക രംഗത്തിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ നിക്ഷേപകർ സുരക്ഷിത മേഖലയായ സ്വർണം വാങ്ങിക്കൂട്ടുകയാണ്.
ബിറ്റ്കോയിൻ വില റെക്കാഡ് ഉയരത്തിൽ
ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്‌കോയിനിന്റെ മൂല്യം ചരിത്രത്തിലാദ്യമായി 1.11 ലക്ഷം ഡോളർ കവിഞ്ഞു. ബിറ്റ്‌കോയിനിന്റെ മൂല്യത്തിൽ ഈ വർഷം 18 ശതമാനം വർദ്ധനയാണുണ്ടായത്.
അടിതെറ്റി രൂപ
വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ആഗോള മേഖലയിലെ അനിശ്ചിതത്വവും രൂപയ്ക്ക് സമ്മർദ്ദം ശക്തമാക്കുന്നു. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 86.00ൽ അവസാനിച്ചു.
ക്രൂഡോയിൽ വില ബാരലിന് 60 ഡോളറിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |