തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങൾക്കുശേഷം സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 1000 രൂപ കുറഞ്ഞ് 74,040 രൂപയും ഗ്രാമിന് 125 രൂപ കുറഞ്ഞ് 9,255 രൂപയുമായി. ഇന്നലെ പവന് 760 രൂപ വർദ്ധിച്ച് 75,040 രൂപയും ഗ്രാമിന് 95 രൂപ ഉയർന്ന് 9,380 രൂപയുമായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സ്വർണവിലയിൽ 1,680 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇത് സ്വർണം വാങ്ങാൻ കാത്തിരുന്നവരെ നിരാശയിലാക്കിയിരുന്നു. ഈ അവസരത്തിലാണ് സ്വർണത്തിൽ ആശ്വാസമെന്ന നിലയിൽ വിലക്കുറവുണ്ടായിരിക്കുന്നത്.
ജൂലായ് മാസത്തിന്റെ തുടക്കം മുതൽക്കേ തന്നെ സ്വർണവിലയിൽ പ്രകടമായ കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജൂലായ് ഒമ്പതിനായിരുന്നു. അന്ന് പവന് 72,000 രൂപയായിരുന്നു. ജൂലായ് 18നുശേഷമാണ് സ്വർണവിലയിൽ ഞെട്ടിപ്പിക്കുന്ന കുതിപ്പുണ്ടായത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കാറുണ്ട്.
അതേസമയം, സംസ്ഥാനത്തെ വെളളിവിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഗ്രാമിന് 128 രൂപയും കിലോഗ്രാമിന് 1,28,000 രൂപയുമാണ്. കഴിഞ്ഞ ദിവസം ഗ്രാമിന് 129 രൂപയും കിലോഗ്രാമിന് 1,29,000 രൂപയുമായിരുന്നു. വ്യാവസായിക മേഖലയിൽ നിന്നും വെള്ളിക്ക് മികച്ച വാങ്ങൽ താത്പര്യമാണ് കാണിക്കുന്നത്. രാജ്യാന്തര വിപണിയിൽ വെള്ളിയ്ക്ക് ഔൺസിന് 39 ഡോളറാണ് വില. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |