കൊച്ചി: ഗെയിം ഡെവലപ്പർ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ(ജി.ഡി.എ.ഐ) ഡെവലപ്പർ ഡേയ്‌സ് 2025 കൊച്ചി പതിപ്പ് മെയ് 27ന് കളമശേരിയിലെ കേരള സ്റ്റാർട്ട്-അപ്പ് മിഷനിൽ നടക്കും. ഇന്ത്യയിലെ ഗെയിം ഡെവലപ്പർമാരെ ശാക്തീകരിക്കുന്നതിനായി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന സംരംഭമാണിത്. ഗെയിം വികസന മേഖലയുടെ വളർച്ചയ്ക്കായി ഡെവലപ്പർമാർ, പ്രസാധകർ, നിക്ഷേപകർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുകയാണ്. പുതിയ പങ്കാളിത്തങ്ങൾ വളർത്തിയെടുക്കുന്നതിനായി നിക്ഷേപക-പ്രസാധക മീറ്റപ്പുകളും, പ്രാദേശിക സ്റ്റുഡിയോകൾക്കും ഡെവലപ്പർമാർക്കും ഗെയിമുകളും പ്രോട്ടോടൈപ്പുകളും പ്രദർശിപ്പിക്കാൻ പ്രദർശന വേദിയും ഉണ്ടാകും. ക്രാഫ്റ്റൺ ഇന്ത്യയിലെ അനുജ് സഹാനി, മെറ്റാഷോട്ടിലെ പ്രിൻസ് ജേക്കബ് തോമസ്, ഡൈനാമിക് നെക്സ്റ്റിലെ ജിം ജോസ്, ഈതർ ഗെയിംസിലെ ഗോകുൽ ഇളയിടത്ത്, കേരള സ്റ്റാർട്ട്-അപ്പ് മിഷനിലെ ടോം തോമസ് എന്നിവർ പങ്കെടുക്കും. ഗെയിം ഡിസൈൻ, പ്രോഗ്രാമിംഗ്, കല, നിയമ ചട്ടക്കൂടുകൾ, ഫണ്ട്‌റൈസിംഗ്, പ്രസിദ്ധീകരണം തുടങ്ങിയ മേഖലകളെ ഉൾക്കൊള്ളുന്ന വർക്ക്‌ഷോപ്പുകളും മാസ്റ്റർക്ലാസുകളും, ബിസിനസ് തന്ത്രങ്ങൾ, വൈദഗ്ദ്ധ്യം, നവീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിക്ഷേപകർ, സ്റ്റുഡിയോ മേധാവികൾ, മെന്റർമാർ എന്നിവരുമായി പാനൽ ചർച്ചകളുമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |