വിദേശ നിക്ഷേപകരുടെ പണമൊഴുക്ക് കൂടുന്നു
കൊച്ചി: യൂറോപ്പിനെതിരെ പ്രഖ്യാപിച്ച അധിക ചുങ്ക തീരുമാനം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മരവിപ്പിച്ചേക്കുമെന്ന വാർത്തകൾ ഇന്ത്യൻ ഓഹരി വിപണിക്ക് ഇന്നലെ കരുത്ത് പകർന്നു. അമേരിക്കൻ ഡോളർ, കടപ്പത്രങ്ങൾ എന്നിവ വിറ്റുമാറി വിദേശ ധന സ്ഥാപനങ്ങൾ ഇന്ത്യയിലേക്ക് പണമൊഴുക്കുകയാണ്. വാഹന, ഐ.ടി മേഖലകളിലെ ഓഹരികൾക്കാണ് ഏറ്റവും മികച്ച വാങ്ങൽ താത്പര്യം ലഭിച്ചത്. ബോംബെ ഓഹരി സൂചികയായ സെൻസെക്‌സ് 455.37 പോയിന്റ് കുതിപ്പോടെ 82,176.45ൽ അവസാനിച്ചു. നിഫ്‌റ്റി 148 പോയിന്റ് ഉയർന്ന് 25,001.15ൽ തൊട്ടു. ബജാജ് ഓട്ടോ, ജെ.എസ്.ഡബ്‌ള്യു സ്‌റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ട്രെന്റ്, ഹിണ്ടാൽകോ എന്നിവയാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.
ചെറുകിട, ഇടത്തരം ഓഹരികളുടെ വിലയിലും മികച്ച കുതിപ്പുണ്ടായി. റിയൽറ്റി, മെറ്റൽ, എഫ്.എം.സി.ജി മേഖലകളിലെ ഓഹരികളും നേട്ടമുണ്ടാക്കി. അതേസമയം ഉക്രെയിനും റഷ്യയുമായുള്ള സംഘർഷം ശക്തമാകുന്നതാണ് നിക്ഷേപകരെ ആശങ്കയിലാക്കുന്നത്.
രൂപയ്ക്ക് കരുത്തേറുന്നു
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ആവേശത്തോടെ തിരിച്ചെത്തിയതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെടുന്നു. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമാകുന്നതും രൂപയ്ക്ക് കരുത്തായി. ഇന്നലെ രൂപ 0.1 ശതമാനം നേട്ടത്തോടെ 85.01ൽ വ്യാപാരം പൂർത്തിയാക്കി.
സ്വർണ വില താഴുന്നു
യൂറോപ്യൻ യൂണിയന് ഏർപ്പെടുത്തിയ അധിക തീരുവ മരവിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില താഴ്‌ന്നു. കേരളത്തിൽ ഇന്നലെ സ്വർണ വില പവന് 320 രൂപ കുറഞ്ഞ് 71,600 രൂപയായി. ഗ്രാമിന്റെ വില 40 രൂപ കുറഞ്ഞ് 8,950 രൂപയിലെത്തി. രാജ്യാന്തര വില ഔൺസിന് 3.300 ഡോളറിലാണ്.
നിക്ഷേപകർക്ക് ആവേശം പകരുന്നത്
1. ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായെന്ന വാർത്തകൾ നിക്ഷേപകർക്ക് ഊർജം പകർന്നു
2. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ലാഭവിഹിതമായി 2.69 ലക്ഷം കോടി രൂപ റിസർവ് ബാങ്ക് കേന്ദ്ര സർക്കാരിന് കൈമാറിയതും ആവേശമായി
3. റിസർവ് ബാങ്കിൽ നിന്നും ലാഭവിഹിതം ലഭിക്കുന്നതോടെ കേന്ദ്ര സർക്കാരിന്റെ ധനകമ്മി ബഡ്‌ജറ്റിൽ ലക്ഷ്യമിട്ടതിലും കുറഞ്ഞ തലത്തിലെത്തിക്കും
4. പശ്ചാത്തല വികസന മേഖലയിലേക്ക് വൻതുക ഒഴുകിയെത്താൻ റിസർവ് ബാങ്കിൽ നിന്നും ലഭിച്ച തുക വഴിയൊരുക്കുമെന്നും വിലയിരുത്തുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |