ജി.ഡി.പി വളർച്ച ഇന്നറിയാം
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസക്കാലയളവിൽ ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തിലെ(ജി.ഡി.പി) വളർച്ച 6.9 ശതമാനമായി ഉയരുമെന്ന് പ്രവചനം. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലെ വളർച്ച നിരക്ക് കേന്ദ്ര സർക്കാർ ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര സർക്കാർ മൂലധന നിക്ഷേപം ഗണ്യമായി വർദ്ധിപ്പിച്ചതും ഗ്രാമീണ മേഖലയിലെ ഉണർവും ആഭ്യന്തര ടൂറിസം രംഗത്തിന്റെ മികച്ച പ്രകടനവും സേവനങ്ങളുടെ കയറ്റുമതിയിലെ കുതിപ്പും സാമ്പത്തിക വളർച്ചയ്ക്ക് ഊർജം പകരുമെന്നാണ് വിലയിരുത്തൽ. പൊതുതിരഞ്ഞെടുപ്പ് കാലത്ത് സർക്കാർ ചെലവുകൾ കുറഞ്ഞതോടെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യ പകുതിയിൽ ജി.ഡി.പി പ്രതീക്ഷിച്ച വളർച്ച നേടിയില്ല. ജൂലായ് മുതൽ സെപ്തംബർ വരെ വളർച്ച നിരക്ക് 6.2 ശതമാനമായിരുന്നു.
കാർഷിക ഉത്പാദനത്തിലെ ഉണർവും റിയൽ എസ്‌റ്റേറ്റ് രംഗത്തിന്റെ സ്ഥിരതയാർന്ന പ്രകടനവും സാമ്പത്തിക മേഖലയ്ക്ക് കരുത്ത് പകർന്നുവെന്ന് ഐ.സി.ഐ.സി.ഐ ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു.
2024-25 വർഷത്തെ വളർച്ച 6.3 ശതമാനമെന്ന് പ്രവചനം
ഇന്ത്യയുടെ ജി.ഡി.പി മൂല്യം
4.187 ലക്ഷം കോടി ഡോളർ
ആഗോള അനിശ്ചിതത്വങ്ങളിലും പതറാതെ ഇന്ത്യ
ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധവും ആഗോള രാഷ്ട്രീയ പ്രതിസന്ധികളും ഇന്ത്യൻ സാമ്പത്തിക മേഖലയെ ബാധിച്ചില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 82,500 കോടി ഡോളറിന്റെ ഉത്പന്നങ്ങളും സേവനങ്ങളുമാണ് ഇന്ത്യ കയറ്റിഅയച്ചത്. ആഗോള വെല്ലുവിളികളെ മറികടന്ന് ഇന്ത്യൻ ഓഹരി വിപണി റെക്കാഡ് ഉയരത്തിലേക്ക് കുതിക്കുകയാണ്. ആഭ്യന്തര നിക്ഷേപകരുടെ പണക്കരുത്താണ് ഇന്ത്യൻ വിപണികൾക്ക് അനുകൂലമായത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലും കാര്യമായ ഇടിവുണ്ടായില്ല.
സാമ്പത്തിക മുന്നേറ്റത്തിന് കരുത്താകുന്നത്
1. പശ്ചാത്തല വികസന രംഗത്ത് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വൻതോതിൽ പണം മുടക്കുന്നു
2. കാർഷിക ഉത്പാദനം മെച്ചപ്പെട്ടതോടെ ഗ്രാമീണ മേഖലയിൽ ഉപഭോഗം കുത്തനെ കൂടുന്നു
3. ആഗോള സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി ഇന്ത്യയുടെ ഉത്പന്ന, സേവന കയറ്റുമതി വർദ്ധിക്കുന്നു
4. നാണയപ്പെരുപ്പ ഭീഷണി ഒഴിഞ്ഞതോടെ വാഹന, ഭവന, കൺസ്യൂമർ ഉത്പന്ന വിപണികൾ ഉണർന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |