റഷ്യൻ ക്രൂഡിന്റെ അധിക യു.എസ് തീരുവ തിരിച്ചടിയാകുന്നു
കൊച്ചി: ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ താഴുമ്പോഴും പെട്രോൾ, ഡീസൽ വില കുറയ്‌ക്കുന്നതിന് അമേരിക്കയുടെ തീരുവ ഭീഷണി വെല്ലുവിളിയാകുന്നു. റഷ്യയിൽ നിന്ന് മികച്ച വിലയിളവോടെ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് അമേരിക്ക 500 ശതമാനം വരെ തീരുവ ഏർപ്പെടുത്തുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി കണക്കിലെടുത്താണ് ഇന്ത്യ തീരുമാനം വൈകിക്കുന്നത്. ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതിയിൽ 30 ശതമാനത്തിലധികവും റഷ്യയിൽ നിന്നാണ്.
ആഗോള ഇന്ധന വിപണിയിലെ റഷ്യയുടെ മേധാവിത്വം അട്ടിമറിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഇതിനായാണ് റഷ്യൻ ക്രൂഡ് വാങ്ങുന്നവർക്ക് 500 ശതമാനം ചുങ്കം ചുമത്താനുള്ള ബിൽ അവതരിപ്പിക്കുന്നത്.
റഷ്യൻ ക്രൂഡോയിലിന് ട്രംപ് ഉപരോധമേർപ്പെടുത്തിയാൽ ഇന്ത്യ എണ്ണയ്ക്കായി മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരും. റഷ്യ കഴിഞ്ഞാൽ സൗദി, യു.എ.ഇ, ഇറാഖ് എന്നിവങ്ങളിൽ നിന്നാണ് ഇന്ത്യ എണ്ണ വാങ്ങുന്നത്. അമേരിക്കയിൽ നിന്നും ഇന്ത്യ അസംസ്കൃത എണ്ണ വാങ്ങുന്നുണ്ട്. ഇത് പരിമിതമായതിനാൽ ബ്രസീൽ, അംഗോള എന്നിവിടങ്ങളിൽ നിന്ന് കൂടിയ വിലയ്ക്ക് വാങ്ങാൻ നിർബന്ധിതരാകും. ഇതോടെ ബാരലിന് 3 മുതൽ 6 ഡോളർ വരെ വർദ്ധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ. അതിനാൽ തിടുക്കത്തിൽ വിലയിൽ മാറ്റം വരുത്തേണ്ടയെന്നാണ് തീരുമാനം. ഇപ്പോൾ ഒരു വീപ്പ ക്രൂഡോയിലിന് ശരാശരി 65 ഡോളറാണ് വില.
ചുങ്കം ഉയർത്തിയാൽ
ക്രൂഡോയിലിന് ആഗോള വിപണിയിൽ വില
ഉയരും
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് വില കൂടുന്നതിനാൽ കയറ്റുമതിക്ഷമത കുറയും
യു.എസിന് ക്രൂഡ് വിൽപ്പന ഗണ്യമായി വർദ്ധിപ്പിക്കാൻ അവസരമൊരുങ്ങും
ഇന്ത്യയുടെ ശരാശരി ക്രൂഡ് ഇറക്കുമതി
പ്രതിദിനം 53 ലക്ഷം ബാരൽ
റഷ്യയിൽ നിന്ന് 18 ലക്ഷം
യു.എസിൽ നിന്ന് 2.75 ലക്ഷം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |