
വിപണിയിലെ ചാഞ്ചാട്ടം വെല്ലുവിളിയാകുന്നു
കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളിൽ വിപണിയിൽ ചാഞ്ചാട്ടം ശക്തമായതോടെ നിക്ഷേപകർക്ക് വെല്ലുവിളിയേറുന്നു. ഓഹരി, നാണയ, കമ്മോഡിറ്റി, സ്വർണ വിപണികളിൽ മുൻപൊരിക്കലുമില്ലാത്ത കയറ്റിറക്കങ്ങളാണ് നിലവിൽ ദൃശ്യമാകുന്നത്. അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പലിശ തീരുമാനം വരുന്നതിന് മുന്നോടിയായി വൻകിട ഫണ്ടുകളും ചെറുകിട നിക്ഷേപകരും കരുതലോടെയാണ് നീങ്ങിയത്. നാണയപ്പെരുപ്പ ഭീഷണി കണക്കിലെടുത്ത് പലിശ കുറയ്ക്കാനുള്ള തീരുമാനം ഫെഡറൽ റിസർവ് മാറ്റിവെച്ചേക്കുമെന്ന ആശങ്ക ശക്തമാണ്. വിദേശ നിക്ഷേപകരുടെ പിന്മാറ്റവും വിപണിക്ക് വെല്ലുവിളിയാണ്. ഇന്നലെ നിക്ഷേപകർ ലാഭമെടുക്കാൻ സൃഷ്‌ടിച്ച വിൽപ്പന സമ്മർദ്ദത്തിൽ സെൻസെക്സും നിഫ്‌റ്റിയും തുടർച്ചയായ രണ്ടാം ദിവസവും കുത്തനെ ഇടിഞ്ഞു.
സെൻസെക്‌സ് 436 പോയിന്റ് ഇടിഞ്ഞ് 84,666.28ൽ അവസാനിച്ചു. നിഫ്‌റ്റി 121 പോയിന്റ് നഷ്‌ടത്തോടെ 25,839.65ൽ എത്തി. അതേസമയം ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികൾ നേട്ടത്തോടെ അവസാനിച്ചു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ കമ്പനികളുടെ പ്രവർത്തന ഫലവും അമേരിക്കയും ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിലെ തീരുമാനവുമാണ് നിക്ഷേപകർ കാത്തിരിക്കുന്നത്. ഏഷ്യൻ പെയിന്റ്‌സ്, ടെക്ക് മഹീന്ദ്ര, എച്ച്.സി.എൽ ടെക്ക് തുടങ്ങിയവയാണ് ഇന്നലെ പ്രധാനമായും നഷ്‌ടം നേരിട്ടത്.
ഇ കൊമേഴ്സ് കുമിള പൊട്ടുമെന്ന് ബ്ളിങ്കിറ്റ്
രാജ്യത്തെ അതിവേഗ ഇ കൊമേഴ്‌സ് രംഗത്തെ കുമിള പൊട്ടാൻ സാഹചര്യമൊരുങ്ങിയെന്ന് ബ്ളിങ്കിറ്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അൽബിൻഡർ ദിൻസ വ്യക്തമാക്കി. വിപണിയിൽ നിന്ന് പണം സമാഹരിച്ച് പ്രവർത്തനം വിപുലീകരിക്കുന്ന മോഡലാണ് ഈ രംഗത്തെ കമ്പനികൾ പിന്തുടരുന്നത്. പുതിയ നിക്ഷേപങ്ങൾ കുറഞ്ഞതോടെ വിപണി കടുത്ത വെല്ലുവിളി നേരിടുകയാണ്. സ്വിഗി ഇൻസ്‌റ്റാമാർട്ട്, ബ്ളിങ്കിറ്റ്, സെപ്‌റ്റാേ, ബിഗ്ബാസ്‌ക്കറ്റ് എന്നിവ കടുത്ത മത്സരമാണ് വ്യവസ്ഥാപിത റീട്ടെയിൽ സ്ഥാപനങ്ങളിൽ നിന്ന് നേരിടുന്നത്.
നില മെച്ചപ്പെടുത്തി രൂപ
അമേരിക്കയിൽ പലിശ കുറയുന്നതിലെ അനിശ്ചിതത്വം ഇന്നലെ രൂപയ്ക്ക് നേട്ടമായി. ആഗോള തലത്തിൽ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമായതോടെ രൂപ ഇന്നലെ 17 പൈസ നേട്ടവുമായി 89.87ൽ അവസാനിച്ചു. ക്രൂഡോയിൽ വില താഴുന്നതും രൂപയ്ക്ക് അനുകൂലമാണ്.
രൂപ@89.87
പവൻ വിലയിലെ ഇടിവ്
പവൻ വില 720 രൂപ കുറഞ്ഞ് 94,920 രൂപയിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |