കൊച്ചി: കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളുടെ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന, ഏകീകൃത സംവിധാനമായ ഭാരത്‌ഘോഷ് (നോൺ ടാക്‌സ് റെസീപ്റ്റ്) പോർട്ടലിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സേവനങ്ങളും ലഭ്യമാകുന്നു. പൊതുജനങ്ങൾക്ക് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് അടക്കേണ്ട ഫീസ്, പിഴ തുക, കുടിശിക എന്നിവ സൗത്ത് ഇന്ത്യൻ ബാങ്ക് മുഖേന പേയ്‌മെന്റ് നടത്താം. ഭാരത്‌ഘോഷ് പോർട്ടലിൽ സജീവമാകുന്ന കേരളത്തിലെ ആദ്യ ബാങ്കാണ് സൗത്ത് ഇന്ത്യൻ ബാങ്ക്. ഫീസും മറ്റു നികുതി ഇതര വരുമാനവും സ്വീകരിക്കുന്നതിനായി പ്രവർത്തിക്കുന്ന ഭാരത്‌ഘോഷ് പോർട്ടൽ ധന വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. 66ൽ അധികം വകുപ്പുകളുടെ സേവനങ്ങൾ ഭാരത്‌ഘോഷ് പോർട്ടലിലൂടെ ലഭിക്കും.
നോൺ ടാക്‌സ് റെസീപ്റ്റ് പോർട്ടലിലൂടെ ഡിജിറ്റൽ പേയ്‌മെന്റുകളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടികളിൽ പങ്കാളിയാവുന്നതിൽ അഭിമാനമുണ്ടെന്ന് ബാങ്കിന്റെ സീനിയർ ജനറൽ മാനേജറും ബ്രാഞ്ച് ബാങ്കിങ് ഹെഡുമായ ബിജി എസ്.എസ് പറഞ്ഞു. ഏകീകൃതവും സമ്പൂർണവുമായ ഭാരത്‌ഘോഷ് പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കൾക്ക് ഏതുസമയത്തും പേയ്‌മെന്റുകൾ നടത്താം. ഇതിനായി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നൂതനവും അതിവിപുലവുമായ ബാങ്കിങ് സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |