സാമ്പത്തിക മേഖലയിലെ ഉണർവ് മുഖ്യ ആകർഷണം
കൊച്ചി: ലോകമെമ്പാടുമുള്ള സാമ്പത്തിക മേഖലകൾ കടുത്ത അനിശ്ചിതത്വത്തിലൂടെ നീങ്ങുമ്പോഴും മികച്ച വളർച്ച നേടുന്ന ഇന്ത്യയിലേക്ക് ആഗോള കോർപ്പറേറ്റ് സ്ഥാപനങ്ങൾ വൻതോതിൽ പണമൊഴുക്കുന്നു. റിസർവ് ബാങ്കിന്റെ കണക്കുകളനുസരിച്ച് ഏപ്രിലിൽ 880 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ഇന്ത്യയിലെത്തിയത്. മുൻവർഷം ഇതേ കാലയളവിനേക്കാൾ വിദേശ നിക്ഷേപത്തിൽ 22 ശതമാനം വർദ്ധന ദൃശ്യമായി. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധവും മറികടന്ന് രൂപയുടെ മൂല്യത്തകർച്ച ഒഴിവാക്കാൻ വിദേശ നിക്ഷേപത്തിലെ വർദ്ധന റിസർവ് ബാങ്കിനെ ഏറെ സഹായിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
രാജ്യാന്തര വിപണിയിൽ നിന്നും ഇന്ത്യൻ കമ്പനികൾ വാങ്ങുന്ന വാണിജ്യ വായ്പ കഴിഞ്ഞ വർഷം ഏപ്രിലിൽ 50 കോടി ഡോളറായിരുന്നത് ഇത്തവണ 280 കോടി ഡോളറായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിലേക്കുള്ള മൊത്തം വിദേശ നിക്ഷേപം 14 ശതമാനം ഉയർന്ന് 8,100 കോടി ഡോളറിലെത്തി.
അനുകൂല ഘടകങ്ങൾ
1. ആഗോള സാമ്പത്തിക, രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെയിലും ഇന്ത്യ തുടർച്ചയായി ജി.ഡി.പിയിൽ ആറ് ശതമാനത്തിലധികം വളർച്ച നേടുന്നു
2. രാഷ്ട്രീയ സ്ഥിരതയും സാമ്പത്തിക പരിഷ്‌കരണ നടപടികളും ലോകത്തിലെ മുൻനിര കോർപ്പറേറ്റുകൾക്ക് ഇന്ത്യൻ സാമ്പത്തിക മേഖലയിൽ വിശ്വാസം വർദ്ധിപ്പിക്കുന്നു
3. ഇന്ത്യയുടെ ഉയർന്ന വിദേശ നാണയ ശേഖരവും ധന നയങ്ങളിലെ സ്ഥിരതയും കുതിക്കുന്ന നഗര, ഗ്രാമീണ ഉപഭോഗവും വിപുലമായ വിപണി തുറന്നിടുന്നു
4. കോവിഡിന് ശേഷം ചൈനയുടെ ബദൽ നിക്ഷേപ കേന്ദ്രമായി കണക്കിലെടുത്ത് മുൻനിര ഫോൺ, ഇലക്ട്രോണിക്സ് നിർമ്മാതാക്കൾ ഇന്ത്യയിൽ നിക്ഷേപം ഉയർത്തുന്നു
വിദേശ നാണയ ശേഖരം ഉയരുന്നു
ഏതൊരു പ്രതികൂല സാഹചര്യങ്ങളെയും നേരിടാനായി വിദേശ നാണയ ശേഖരം റിസർവ് ബാങ്ക് ഗണ്യമായി വർദ്ധിപ്പിക്കുകയാണ്. ജൂൺ 13ന് അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 69,895 കോടി ഡോളറാണ്. രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിക്കാനാണ് റിസർവ് ബാങ്ക് വലിയ തോതിൽ ഡോളർ വിപണിയിൽ നിന്ന് വാങ്ങുന്നത്.
പ്രവാസി നിക്ഷേപം കുറയുന്നു
ഇന്ത്യയിലേക്കുള്ള പ്രവാസി പണമൊഴുക്ക് മന്ദഗതിയാലാകുന്നുവെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ പറയുന്നു. ഏപ്രിലിൽ 75.1 കോടി ഡോളർ പ്രവാസി നിക്ഷേപമാണ് ബാങ്കുകളിൽ എത്തിയത്. മുൻവർഷം ഇതേ കാലയളവിൽ 107.8 കോടി ഡോളർ നിക്ഷേപം ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |