അഞ്ച് ദിവസത്തിൽ പിൻവലിച്ചത് 10,000 കോടി രൂപ
കൊച്ചി: ഇന്ത്യൻ കമ്പനികളുടെ പ്രവർത്തന ഫലങ്ങൾ നിരാശപ്പെടുത്തിയതോടെ വിദേശ നിക്ഷേപകർ ഓഹരി വിപണിയിൽ പിന്മാറ്റം ശക്തമാക്കുന്നു. അഞ്ച് ദിവസത്തിനിടെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ 10,169 കോടി രൂപയുടെ ഓഹരികളാണ് വിറ്റുമാറിയത്. ഇതോടെ മുഖ്യ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും തുടർച്ചയായി താഴേക്ക് നീങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന ആക്‌സിസ് ബാങ്ക്, ടി.സി.എസ്, എച്ച്.സി.എൽ ടെക്ക് എന്നിവയുടെ പ്രവർത്തനഫലങ്ങൾ നിരാശപ്പെടുത്തിയതാണ് നിക്ഷേപകർക്ക് ആശങ്ക സൃഷ്‌ടിക്കുന്നത്. തുടർച്ചയായ മൂന്നാം വാരമാണ് ഇന്ത്യയിലെ പ്രമുഖ ഓഹരി സൂചികകൾ നഷ്‌ടത്തിൽ വ്യാപാരം പൂർത്തിയാക്കുന്നത്. സെൻസെക്‌സ് ഇന്നലെ 501.51 പോയിന്റ് ഇടിഞ്ഞ് 81,757.73ൽ അവസാനിച്ചു. നിഫ്‌റ്റി 143.05 പോയിന്റ് നഷ്‌ടവുമായി 24,968.40ൽ എത്തി. ആക്സിസ് ബാങ്ക്, ശ്രീറാം ഫിനാൻസ്, ഭാരത് ഇലക്ട്രോണിക്‌സ്, എച്ച്.ഡി.എഫ്.സി ലൈഫ്, ഭാരതി എയർടെൽ എന്നിവയാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്. കഴിഞ്ഞ വ്യാഴാഴ്‌ച വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ 3,694 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. മേയിലും ജൂണിലും വിദേശ നിക്ഷേപകർ ഇന്ത്യയിലേക്ക് പണമൊഴുക്കിയിരുന്നു.
നിക്ഷേപകരുടെ ആസ്തിയിലെ ഇടിവ്
2.61 ലക്ഷം കോടി രൂപ
പിന്തുണച്ച് ആഭ്യന്തര നിക്ഷേപകർ
വിദേശ ഫണ്ടുകൾ പിന്മാറ്റം ശക്തമാക്കിയിട്ടും വിപണിയെ കനത്ത തകർച്ചയിൽ നിന്ന് ആഭ്യന്തര നിക്ഷേപകർ സംരക്ഷിച്ചു. അഞ്ച് ദിവസങ്ങളിൽ ആഭ്യന്തര ഫണ്ടുകൾ 11,000 കോടി രൂപയുടെ ഓഹരികളാണ് വിപണിയിൽ നിന്ന് വാങ്ങിയത്. ആഗോള മേഖലയിലെ പ്രതികൂല സാഹചര്യങ്ങൾ മറികടന്നും ഇന്ത്യൻ ഓഹരികൾ മികച്ച പ്രകടനം കാഴ്ചവക്കുന്നതാണ് ആഭ്യന്തര നിക്ഷേപകർക്ക് ആവേശമാകുന്നത്. മ്യൂച്വൽ ഫണ്ടുകൾ, സിസ്റ്റമാറ്റിക് നിക്ഷേപ പദ്ധതികൾ(എസ്.ഐ.പി) എന്നിവയിലൂടെ പ്രതിമാസം 30,000 കോടി രൂപയിലധികമാണ് ചെറുകിട നിക്ഷേപകർ വിപണിയിലെത്തിക്കുന്നത്.
രൂപയും സമ്മർദ്ദത്തിൽ
വിദേശ നിക്ഷേപകരുടെ പിന്മാറ്റവും രാജ്യാന്തര വിപണിയിലെ ഡോളറിന്റെ കരുത്തുംരൂപയ്ക്ക് സമ്മർദ്ദം ശക്തമാക്കുന്നു. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം നാല് പൈസ കുറഞ്ഞ് 86.16ൽ അവസാനിച്ചു.
വിദേശ നാണയ ശേഖരം കുറയുന്നു
ജൂലായ് 13ന് അവസാനിച്ച വാരത്തിൽ വിദേശ നാണയ ശേഖരം 306.4 കോടി ഡോളർ കുറഞ്ഞ് 69,667.2 കോടി ഡോളറിലെത്തി. തുടർച്ചയായി രണ്ടാം വാരത്തിലാണ് റിസർവ് ബാങ്കിന്റെ വിദേശ നാണയ ശേഖരം കുറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |