'കേരള ബ്രാൻഡ്' പദ്ധതി വിപുലീകരിക്കുന്നു
കൊച്ചി: കോവിഡിന് ശേഷം കേരളം എന്ന ബ്രാൻഡിന്റെ വർദ്ധിച്ച മൂല്യം സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയ്ക്ക് ഉപയോഗപ്പെടുത്തണമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഉത്‌പ്പന്നങ്ങൾക്ക് അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കുന്ന 'കേരള ബ്രാൻഡ്' (നന്മ) പദ്ധതിയുടെ രൂപരേഖ വിപുലീകരണത്തിന്റെ ഭാഗമായി കൊച്ചിയിൽ നടന്ന ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ വാണിജ്യ വകുപ്പ്, കേരള ബ്യൂറോ ഒഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ (കെ-ബിപ്), കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി.), കിൻഫ്ര എന്നിവരുടെ നേതൃത്വത്തിൽ 'റൈസിംഗ് ആൻഡ് ആക്സിലറേറ്റിംഗ് എം.എസ്.എം.ഇ പെർഫോമൻസ്' എന്ന കേന്ദ്ര പദ്ധതിയുടെ ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. കേരളത്തിന്റെ വൈവിദ്ധ്യമാർന്ന സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി ഒരു സ്മാർട്ട് ഇക്കോണമി രൂപീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി രാജീവ് പറഞ്ഞു. നിലവിൽ വെളിച്ചെണ്ണയ്ക്ക് 'കേരള ബ്രാൻഡ്' സർട്ടിഫിക്കേഷൻ നൽകുന്നുണ്ട്. സംസ്ഥാനത്തെ ഉത്പന്നങ്ങളെ ആഗോള വിപണിയിലേക്ക് എത്തിക്കുകയെന്നതാണ് ബ്രാൻഡിംഗ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടർ ജി. രാജീവ്, ഡയറക്ടർ പി. വിഷ്ണുരാജ്, കെ.എസ്.ഐ.ഡി.സി. എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ഹരി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
കേരള ബ്രാൻഡ്' സർട്ടിഫിക്കേഷൻ ലഭിച്ചത്
ഭക്ഷ്യവിഭാഗം
കോഫി, ചായ, തേൻ, നെയ്യ്, പാക്കേജ്ഡ് കുടിവെള്ളം
ഭക്ഷ്യേതര വിഭാഗം
പ്ലൈവുഡ്, പാദരക്ഷകൾ, പി.വി.സി പൈപ്പുകൾ, സർജിക്കൽ റബ്ബർ ഗ്ലൗസ്, കാലിത്തീറ്റ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |