കൊച്ചി: അമേരിക്ക ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്താൻ സാദ്ധ്യതയേറിയിട്ടും രാജ്യത്തെ ഓഹരി നിക്ഷേപകർ ആവേശത്തോടെ വിപണിയിൽ പണമൊഴുക്കുന്നു. നാളെ മുതൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം തീരുവ ഈടാക്കാൻ സാദ്ധ്യതയേറിയെങ്കിലും ഇന്നലെയും മികച്ച വാങ്ങൽ താത്പര്യമാണ് നിക്ഷേപകർ ഇന്നലെ പ്രകടിപ്പിച്ചത്. 25 ശതമാനം പകരച്ചുങ്കവും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് 25 ശതമാനം പിഴത്തീരുവയും ഈടാക്കുമെന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയത്. തീരുമാനം നടപ്പാക്കുന്നതിനുള്ള സമയ പരിധി അവസാനിക്കുന്നതിന് മുമ്പ് ഇന്ത്യയും അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവെക്കാനുള്ള സാദ്ധ്യത മങ്ങിയതാണ് പ്രധാന വെല്ലുവിളിയാണെങ്കിലും ഇന്ത്യൻ ഓഹരികൾ ഇന്നലെ മികച്ച നേട്ടമുണ്ടാക്കി. സെൻസെക്‌സ് 329.06 പോയിന്റ് ഉയർന്ന് 81,654ൽ അവസാനിച്ചു. നിഫ്‌റ്റി 97.65 പോയിന്റ് നേട്ടത്തോടെ 24,967.75ൽ വ്യാപാരം പൂർത്തിയാക്കി. ജി.എസ്.ടി നിരക്കുകൾ കുറയ്ക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിന്റെയും ഇന്ത്യയുടെ റേറ്റിംഗ് ഉയർത്തിയ ഫിച്ചിന്റെ നടപടിയും ഓഹരികൾക്ക് കരുത്തായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |