കൊച്ചി: എസ്.ബി.ഐ അടക്കം രാജ്യത്തെ മുൻനിര ബാങ്കുകളുടെ കൈവശമുണ്ടായിരുന്ന യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരികൾ ജപ്പാനിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ സുമിടോമോ മിറ്റ്സുയി ബാങ്കിംഗ് കോർപ്പറേഷന്(എസ്.എം.ബി.സി) കൈമാറി. എസ്.ബിഐയുടെ കൈവശമുണ്ടായിരുന്ന യെസ് ബാങ്കിന്റെ 13.18 ശതമാനം ഓഹരികൾ 8,889 കോടി രൂപയ്ക്കാണ് എസ്.എം.ബി.സി വാങ്ങിയത്. ഒന്നിന് 21.5 രൂപ വീതം 413.44 കോടി ഓഹരികളാണ് വിറ്റഴിച്ചത്. ഓഹരി വില്പനയ്ക്ക് ആഗസ്റ്റ് 22ന് റിസർവ് ബാങ്കും സെപ്തംബർ രണ്ടിന് കോമ്പറ്റീഷൻ കമ്മിഷൻ ഒഫ് ഇന്ത്യയും അനുമതി നൽകിയിരുന്നു. കഴിഞ്ഞ വർഷം മേയിലാണ് യെസ് ബാങ്കിലെ ഓഹരി പങ്കാളിത്തം കുറയ്ക്കാൻ എസ്.ബി.ഐ എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനമെടുത്തത്.
ബാങ്കിംഗ് മേഖലയിലെ ഏറ്റവും വലിയ ഓഹരി കൈമാറ്റം
2020ലാണ് എസ്.ബി.ഐ അടക്കമുള്ള ബാങ്കുകൾ റിസർവ് ബാങ്ക് നിർദേശത്തെ തുടർന്ന് യെസ് ബാങ്കിന്റെ പുന:സംഘടന നടപടികളുടെ ഭാഗമായി നിക്ഷേപം നടത്തിയത്. എസ്.എം.ബി.സി 13,483 കോടി രൂപയ്ക്കാണ് യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരികൾ വാങ്ങുന്നത്.
പ്രമുഖ സ്വകാര്യ ബാങ്കുകളായ എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഐ.ഡി.എഫ്.സി ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവയുടെ കൈവശമുള്ള 6.81 ശതമാനം ഓഹരികളും ജപ്പാൻ കമ്പനി വാങ്ങും. 2020ൽ ഓഹരിയൊന്നിന് പത്ത് രൂപയെന്ന നിരക്കിലാണ് ബാങ്കുകൾ യെസ് ബാങ്കിൽ നിക്ഷേപം നടത്തിയിരുന്നത്. എസ്.ബി.ഐയ്ക്ക് മൊത്തം 24 ശതമാനം ഓഹരികളാണ് യെസ് ബാങ്കിലുണ്ടായിരുന്നത്. ഇടപാടിന് ശേഷം പത്ത് ശതമാനം ശതമാനം ഓഹരി പങ്കാളിത്തം എസ്.ബിഐയ്ക്കുണ്ടാകും.
രാജ്യത്തെ ബാങ്കിംഗ് മേഖലയിലെ ഏറ്റവും വലിയ ഓഹരി കൈമാറ്റത്തിലൂടെ യെസ് ബാങ്കിലെ തന്ത്രപ്രധാന പങ്കാളിയായി എസ്.എം.ബി.സിയെത്തുന്നതിൽ സന്തോഷമുണ്ട്
ചല്ല ശ്രീനിവാസലു സെട്ടി
എസ്.ബി.ഐ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |