
കൊച്ചി: അന്താരാഷ്ട്ര തലത്തിൽ ഹോട്ടൽ, റെസ്റ്റോറന്റ് വ്യവസായികളുടെ സൗഹൃദ കൂട്ടായ്‌മ ലക്ഷ്യമിട്ട് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ബിസിനസ് കോൺക്ലേവായ കെ.എച്ച്.ആർ.എ. ഇന്റർനാഷണൽ ബിസിനസ് വിഷൻ 2025 ദുബായിയിൽ നടക്കും.
നവംബർ 22ന് അൽനദയിലുള്ള ലാവൻഡർ ഹോട്ടലിൽ നടക്കുന്ന കൂട്ടായ്മ ഏഷ്യൻ ഡ്യൂബെൻ ഫെഡറേഷൻ പ്രസിഡന്റും ഒമർ അൽ മർസൂക്കി ഗ്രൂപ്പ് ചെയർമാനുമായ മേജർ ഡോ. ഒമർ മുഹമ്മദ് സുബീർ മുഹമ്മദ് അൽ മർസൂക്കി ഉദ്ഘാടനം ചെയ്യും. ഫ്രണ്ട്‌സ് ഒഫ് ടെക്‌സാസ് ഇന്റർനാഷണൽ ഡയറക്ടർ റെജി കുര്യൻ മുഖ്യാതിഥിയാകും. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയഷൻ സംസ്ഥാന പ്രസിഡന്റ് കെ.പി. ബാലകൃഷ്ണ പൊതുവാൾ, ജനറൽ സെക്രട്ടറി ജി. ജയപാൽ, പാരഗൺ ഗ്രൂപ്പ് ഒഫ് ഹോട്ടൽസ് ചെയർമാൻ സുമേഷ് ഗോവിന്ദ്, കെ.എച്ച്.ആർ.എ. ഉപദേശക ബോർഡ് ചെയർമാൻ മൊയ്തീൻകുട്ടി ഹാജി, കെ.എച്ച്.ആർ.എ. ഗ്ലോബൽ കോ ഓർഡിനേറ്റർ പോൾ പി. റാഫേൽ, സംസ്ഥാനകമ്മിറ്റി അംഗം ഉവൈസ് എന്നിവർ സംസാരിക്കും. ഗൾഫ് മേഖലയിലെ മലയാളികളായ ഹോട്ടൽ, റസ്റ്റോറന്റ് വ്യവസായികൾ കോൺക്ലേവിൽ പങ്കെടുക്കും. ഹോട്ടൽ വ്യവസായികളേയും ഹോട്ടലുകളേയും ആദരിക്കുമെന്ന് പ്രസിഡന്റ് കെ.പി. ബാലകൃഷ്ണ പൊതുവാൾ, ജനറൽ സെക്രട്ടറി ജി. ജയപാൽ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |