
ആഗോള വിപണികളിൽ കനത്ത തകർച്ച
കൊച്ചി: നിർമ്മിത ബുദ്ധി(എ.ഐ) രംഗത്തെ കുമിള പൊട്ടുമെന്ന ആശങ്കയിൽ ആഗോള തലത്തിൽ ഓഹരി വിപണികൾ മൂക്കുകുത്തി. രാജ്യാന്തര തലത്തിലെ പ്രമുഖ നിക്ഷേപകനായ പീറ്റർ തീലിന്റെ ഹെഡ്‌ജ് ഫണ്ടായ തീൽ മാക്രോ മുൻനിര എ.ഐ ചിപ്പ് നിർമ്മാതാക്കളായ എൻവിഡിയയുടെ 10,000 കോടി ഡോളറിന്റെ ഓഹരികൾ ഒറ്റയടിക്ക് വിറ്റുമാറിയതാണ് വിപണിക്ക് തിരിച്ചടിയായത്. സെപ്തംബർ 30ന് എൻവിഡിയയുടെ 5,37,742 ഓഹരികളാണ് തീൽ മാക്രോ യുണൈറ്റഡ് വിറ്റഴിച്ചത്. ഐ ഫോൺ നിർമ്മാതാക്കളായ ആപ്പിൾ, മൈക്രോസോഫ്‌റ്റ്, ഇലോൺ മസ്‌കിന്റെ ടെസ്‌ല എന്നിവയിലേക്ക് മാത്രമായി തീൽ മാക്രോ ഓഹരി പങ്കാളിത്തം ചുരുക്കി.
എൻവിഡിയയിൽ കമ്പനിക്കുണ്ടായിരുന്ന മൊത്തം ഓഹരികളും പൊടുന്നനെ വിറ്റതോടെ എ.ഐ വലിയ കുമിളയാണെന്ന ആശങ്ക വാൾസ്ട്രീറ്റിൽ ശക്തമായി. അഡ്‌വാൻസ്‌ഡ് ചിപ്പ് നിർമ്മാണത്തിലും ആധുനിക ഡാറ്റ സെന്ററുകളിലും ടെക്ക് ഭീമൻമാർ വാഗ്ദാനം ചെയ്ത കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപ തീരുമാനങ്ങളെ പുതിയ സാഹചര്യം പ്രതികൂലമായി ബാധിച്ചേക്കും. കഴിഞ്ഞ ദിവസം ആഗോള കോടീശ്വരൻ മാസയോഷി സണ്ണിന്റെ ഉടമസ്ഥതയിലുള്ള സോഫ്‌റ്റ് ബാങ്ക് ഗ്രൂപ്പും എൻവിഡിയയിലെ 580 കോടി ഡോളർ മൂല്യമുള്ള ഓഹരികൾ വിറ്റുമാറിയിരുന്നു.
എല്ലാവരെയും ബാധിക്കുമെന്ന് സുന്ദർ പിച്ചൈ
എ.ഐ കുമിള പൊട്ടിയാൽ ലോകമൊട്ടാകെയുള്ള ടെക്നോളജി മേഖലയിൽ വ്യാപക പ്രതിസന്ധിയുണ്ടാകുമെന്ന് ആൽഫബെറ്റിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ സുന്ദർ പിച്ചൈ വ്യക്തമാക്കി. ഗൂഗിൾ ഉൾപ്പെടെ എല്ലാ കമ്പനികൾക്കും വലിയ വെല്ലുവിളിയാണിതെന്നും അദ്ദേഹം പറഞ്ഞു. യുക്തിരഹിതമായ വളർച്ചയും നിക്ഷേപ ഒഴുക്കുമാണ് നിലവിൽ എ.ഐ രംഗത്ത് ദൃശ്യമാകുന്നതെന്നും സുന്ദർ പിച്ചൈ അംഗീരിച്ചു. അതിനാൽ കുമിള പൊട്ടാൻ സാദ്ധ്യതയേറെയാണ്. എന്നാൽ ഇന്റർനെറ്റ് പോലെ എ.ഐ എല്ലാക്കാലവും ലോകത്ത് നിലനിൽക്കും.
വിൽപ്പന സമ്മർദ്ദം ശക്തം
എൻവിഡിയയുടെ പ്രവർത്തന ഫലം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ആഗോള വിപണികൾ കനത്ത വിൽപ്പന സമ്മർദ്ദത്തിലായി. കമ്പനികളുടെ ഊതിപ്പെരുപ്പിച്ച വിപണി മൂല്യവും സാമ്പത്തിക മേഖലയിലെ അസ്ഥിരതയും നിക്ഷേപകരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിച്ചു. അമേരിക്കയിലെ പ്രമുഖ സൂചികകളായ ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ്, എസ് ആൻഡ് പി 500, നാസ്ദാക്ക് കോമ്പോസിറ്റ് എന്നിവ രണ്ട് ശതമാനം വരെ ഇടിഞ്ഞു. യൂറോപ്പ്, ജഷാൻ, മറ്റ് ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ വിപണികളും കനത്ത നഷ്‌ടം നേരിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |