
പവൻ വില@1,04,240 രൂപ
കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളുടെ ചുവടുപിടിച്ച് കേരളത്തിൽ സ്വർണ വില വീണ്ടും റെക്കാഡ് ഉയരത്തിലെത്തി. ഗ്രാമിന്റെ വില 155 രൂപയുടെ കുതിപ്പോടെ 13,030 രൂപയിലെത്തി. പവൻ വില 1,240 രൂപ വർദ്ധിച്ച് 1,04,240 രൂപയിലെത്തി റെക്കാഡിട്ടു. വെള്ളി വിലയും കിലോഗ്രാമിന് 2.7 ലക്ഷം രൂപയെന്ന പുതിയ റെക്കാഡിലാണ്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവലിനെതിരെ ക്രിമിനൽ അന്വേഷണം ആരംഭിച്ചതോടെയാണ് സ്വർണത്തിൽ വിലക്കുതിപ്പുണ്ടായത്.
ഫെഡറൽ റിസർവിന്റെ വാഷിംഗ്‌ടണിലെ ആസ്ഥാനം 250 കോടി ഡോളർ മുടക്കി നവീകരിച്ചതിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ചെയർമാൻ സ്ഥാനത്ത് നിന്ന് ജെറോം പവലിനെ നീക്കുമെന്നാണ് വാർത്തകൾ. ട്രംപിന്റെ ഇംഗിതത്തിന് അനുസരിച്ച് പലിശ കുറയ്ക്കാൻ തയ്യാറാകുന്ന മറ്റൊരാളെ ചെയർമാനാക്കുമെന്ന് അഭ്യൂഹമുണ്ട്. ട്രംപ് പലതവണ ആവശ്യപ്പെട്ടിട്ടും പലിശ കുറയ്ക്കാൻ പവൽ തയ്യാറായിരുന്നില്ല. പലിശ കുറയുന്നത് സ്വർണ വിപണിക്ക് കരുത്താകുന്ന തീരുമാനമാണ്.
ഇതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില ചരിത്രത്തിലാദ്യമായി ഔൺസിന്(31.1 ഗ്രാം) 4,600 ഡോളറിലെത്തി. വെള്ളി വില ഇന്നലെ ഔൺസിന് 84 ഡോളറിലെത്തി .
സ്വർണത്തിന് അനുകൂലമായ ഘടകങ്ങൾ
1. ഫെഡറൽ റിസർവും ട്രംപ് ഭരണകൂടവുമായുള്ള ഏറ്റുമുട്ടൽ പലിശയിൽ അനിശ്ചിതത്വം സൃഷ്‌ടിക്കുന്നു
2. ഡോളറിന് ബദലായി കേന്ദ്ര ബാങ്കുകൾ വിദേശ നാണയശേഖരത്തിൽ സ്വർണത്തിന്റെ അളവ് കൂട്ടുന്നു
3. രാഷ്‌ട്രീയ സംഘർഷം കണക്കിലെടുത്ത് ആഗോള ഫണ്ടുകൾ സ്വർണത്തിലേക്ക് പണമൊഴുക്കുന്നു
4. അമേരിക്കയിൽ പലിശ കുറയുമെന്ന പ്രതീക്ഷയിൽ നിക്ഷേപകർ വൻതോതിൽ സ്വർണം വാങ്ങുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |