
തിരുവനന്തപുരം: സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന 56-ാമത് ലോക സാമ്പത്തിക ഫോറത്തിൽ (ഡബ്ല്യു.ഇ.എഫ്) ആഗോള ശ്രദ്ധയാകർഷിച്ച് കേരള പവലിയൻ. വിജ്ഞാനാധിഷ്ഠിത വ്യാവസായിക കേന്ദ്രമായും സുസ്ഥിര വ്യാപാരത്തിനും ബിസിനസുകൾക്കും അനുകൂല ആവാസവ്യവസ്ഥ ലഭ്യമാക്കുന്ന ഇടമായും കേരളത്തെ പ്രദർശിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പവലിയൻ. വ്യവസായ മന്ത്രി പി. രാജീവ് കേരളത്തിന്റെ പവലിയൻ ഉദ്ഘാടനം ചെയ്തു.
'കേരളം ഇന്ത്യയുടെ ആഗോള ബിസിനസിനുള്ള കവാടം' എന്നതാണ് പവലിയന്റെ പ്രമേയം. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്,വ്യവസായ വാണിജ്യ അഡിഷണൽ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്,ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫ് അലി,സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി) മാനേജിംഗ് ഡയറക്ടർ പി. വിഷ്ണുരാജ് എന്നിവർ സന്നിഹിതരായി.
ഉത്തരവാദിത്വപരമായ നിക്ഷേപത്തിനും വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങൾക്കും കേരളം മികച്ചയിടമാണെന്ന് മന്ത്രി രാജീവ് പറഞ്ഞു.
കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത് വിദ്യാസമ്പന്നരും ബുദ്ധിമാന്മാരുമായ യുവജനങ്ങളാണെന്ന് എം.എ യൂസഫ് അലി പറഞ്ഞു. കേരളത്തിന്റെ ഉന്നത പ്രതിനിധി സംഘത്തെ നയിക്കുന്ന മന്ത്രി രാജീവ് ഡബ്ല്യു.ഇ.എഫിന്റെ തുടക്കദിവസം മുതൽ പ്രമുഖ വ്യവസായികളുമായി കൂടിക്കാഴ്ചകൾ നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |