
പിഴത്തീരുവ കുറയാൻ വഴിയുണ്ടെന്ന് ട്രഷറി സെക്രട്ടറി
കൊച്ചി: റഷ്യൻ ക്രൂഡ് വാങ്ങുന്നതിന് പിഴയായി ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ 25 ശതമാനം പിഴത്തീരുവ ഒഴിവാക്കുമെന്ന സൂചന നൽകി അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റ്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിൽ ഗണ്യമായ കുറവുണ്ടായതിനാൽ തീരുമാനം പുനപരിശോധിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയിൽ നിന്നും ക്രൂഡ് വാങ്ങുന്നതിന് പിഴയായി കഴിഞ്ഞ ആഗസ്റ്റിലാണ് ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഡോണാൾഡ് ട്രംപ് 25 ശതമാനം വർദ്ധിപ്പിച്ച് 50 ശതമാനമാക്കിയത്. ഡിസംബറിൽ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി രണ്ട് വർഷത്തെ ഏറ്റവും കുറഞ്ഞ തലത്തിലെത്തിയിരുന്നു.
റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഗണ്യമായ ഇടിവുണ്ടായിട്ടും അധിക തീരുവ നിലനിൽക്കുകയാണെന്ന് ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ബസന്റ് കൂട്ടിച്ചേർത്തു. എന്നാൽ യൂറോഎ്യൻ യൂണിയൻ രാജ്യങ്ങൾ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്താൻ തയ്യാറായില്ല. ഇന്ത്യയുമായി വലിയ വ്യാപാര കരാർ ഒപ്പുവക്കുന്നതിനാണ് യൂറോപ്യൻ രാജ്യങ്ങളുടെ ലക്ഷ്യം.
യൂറോപ്യൻ വ്യാപാര കരാർ ഉടൻ
ഇന്ത്യയും യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് ജനുവരി 27ന് അന്തിമ രൂപമായേക്കും. 'വ്യാപാര ധാരണകളുടെ മാതാവ്' എന്നറിയപ്പെടുന്ന ഈ കരാറിലൂടെ ഇന്ത്യയും യൂറോപ്യൻ യൂണിയനിലെ 27 അംഗ രാജ്യങ്ങളുമായുള്ള ഉഭയ കക്ഷി വ്യാപാരം കുത്തനെ വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അവസാന ഘട്ട ചർച്ചകകൾക്കായി യൂറോപ്യൻ യൂണിയൻ വൈസ് പ്രസിഡന്റ് കാജാ കള്ളാസ് ഇന്നലെ ഇന്ത്യയിലെത്തി. രാജ്യത്തെ ടെക്‌സ്‌റ്റൈയിൽ, ലെതർ, ഫാർമസ്യൂട്ടിക്കൽ, സ്‌റ്റീൽ, പെട്രോളിയം ഉത്പന്നങ്ങൾ, ഇലക്ട്രിക്കൽ മെഷിനറി നിർമ്മാതാക്കൾക്ക് യൂറോപ്യൻ വിപണിയിൽ വിപുലമായ സാദ്ധ്യതകൾ കരാർ തുറന്നിടുമെന്നാണ് വിലയിരുത്തുന്നത്.
യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി
7,600 കോടി ഡോളർ
യൂറോപ്പിൽ നിന്നുള്ള ഇറക്കുമതി
6,100 കോടി ഡോളർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |