
നെടുമ്പാശേരി: കേരളത്തിന്റെ കാർഗോ ഹബ്ബാക്കി കൊച്ചി രാജ്യാന്തര വിമാനത്താവളത്തെ(സിയാൽ) ഉയർത്താൻ വിപുലമായ പദ്ധതികൾ നടപ്പാക്കുന്നു. സംസ്ഥാനത്ത് പ്രതിവർഷം നടക്കുന്ന 35,000 കോടി രൂപയുടെ കാർഗോ ഇടപാടുകളിൽ 57 ശതമാനം കൊച്ചി വിമാനത്താവളവും കൊച്ചി തുറമുഖവും വഴിയാണ്. സംസ്ഥാനത്തെ എയർ കാർഗോയിൽ 60 ശതമാനവും കോയമ്പത്തൂർ, തിരുപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള കാർഗോയിലധികവും കൊച്ചി വിമാനത്താവളം വഴിയാണെന്ന് സിയാൽ കാർഗോ വിഭാഗം മേധാവി സതീഷ് കുമാർ പൈ പറഞ്ഞു.
കോയമ്പത്തൂർ വിമാനത്താവളം ഉണ്ടെങ്കിലും സൗകര്യം പരിമിതമാണ്. നെടുമ്പാശേരി റെയിൽവേ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നതോടെ അധിക കാർഗോ കൈകാര്യം ചെയ്യാൻ സൗകര്യം വേണ്ടിവരും.
യൂറോപ്പിലേക്കുള്ള കയറ്റുമതി നിബന്ധനകളെ കുറിച്ച് അവബോധം നൽകുന്നതിന് പാക്ക് ഹൗസ് സ്ഥാപിക്കും. ലോജിസ്റ്റിക് പാർക്ക്, സ്വതന്ത്ര വ്യാപാര മേഖല എന്നിവയും ആലോചിക്കുന്നു. കൊച്ചിയിൽ നിന്നുള്ള മരുന്ന് കയറ്റുമതി വർദ്ധിപ്പിക്കാൻ ഫാർമ സർട്ടിഫിക്കേഷന് ശ്രമിക്കുന്നു. തപാൽ വകുപ്പുമായി കൈകോർത്ത് ചെറുകിട കർഷകരുടെ ഉത്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കും. നെടുമ്പാശേരിയിലെ മികച്ച കാർഗോ സ്ഥാപനങ്ങളെ എല്ലാവർഷവും ആദരിക്കും.
സിയാലിലൂടെ വളർത്തുമൃഗങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയും ഗണ്യമായി കൂടുകയാണ്. ഇതിന് അനുമതിയുള്ള രാജ്യത്തെ ഏഴ് എയർപോർട്ടുകളിലൊന്ന് സിയാലാണെന്ന് പബ്ലിക് റിലേഷൻസ് ഓഫീസറും അസി. ജനറൽ മാനേജരുമായ പി.എസ്. ജയൻ പറഞ്ഞു.
കാർഗോ ബിസിനസ് സമ്മിറ്റ് ജനുവരി 31 മുതൽ
ഫിക്കിയുമായി സഹകരിച്ച് സിയാൽ സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ ഇന്റർനാഷണൽ കാർഗോ ബിസിനസ് സമ്മിറ്റ് ജനുവരി 31 മുതൽ ഫെബ്രുവരി ഒന്ന് വരെ നടക്കും. കാർഗോയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചകൾ ചെയ്യും. ഫെബ്രുവരി ഒന്നിന് രാവിലെ 11.30ന് നടക്കുന്ന പ്ലീനറി സെഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ്, സിയാൽ എം.ഡി എസ്. സുഹാസ് എന്നിവർ പങ്കെടുക്കും. വിവിധ സ്ഥാപനങ്ങളുടെ സ്റ്റാളുകളുമായി പ്രദർശനവും സമ്മിറ്റിന്റെ ഭാഗമായി നടക്കും. ബിസിനസ് സമ്മിറ്റിൽ പങ്കെടുക്കുന്നതിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |