മുംബയ്: ആർ.ബി.ഐയുടെ വായ്പാനയ പ്രഖ്യാപനത്തിന് പിന്നാലെ രണ്ടാംദിവസവും മികച്ച നേട്ടത്തിൽ അവസാനിച്ച് സൂചികകൾ. ആർ.ബി.ഐ നിരക്ക് ഉയർത്താതിരുന്നത് ബാങ്ക്, ഹൗസിംഗ് ഫിനാൻസ്, ബാങ്കിതര ധനകാര്യം, റിയൽ എസ്റ്റേറ്റ്, ഓട്ടോ മൊബൈൽസ് തുടങ്ങിയ മേഖലകളിലെ കമ്പനികൾ നേട്ടമാക്കി. തുടർച്ചയായി ഒമ്പതാം തവണയാണ് ആർ.ബി.ഐ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തുന്നത്.
സെൻസെക്സ് 1,016.03 പോയന്റ് ഉയർന്ന് 58,649.68ലും നിഫ്റ്റി 293.10 പോയന്റ് നേട്ടത്തിൽ 17,469.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഫിനാൻസ്, ഹിൻഡാൽകോ, മാരുതി സുസുകി, എസ്.ബി.ഐ, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്.ഡി.എഫ്.സി ലൈഫ്, കൊട്ടക് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, ഡിവീസ് ലാബ്, ഐ.ഒ.സി തുടങ്ങിയ ഓഹരികൾ നഷ്ടംനേരിടുകയുംചെയ്തു.
എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പൊതുമേഖല ബാങ്ക്, ഓട്ടോ, ഐ.ടി സൂചികകൾ രണ്ടുശതമാനംവീതം ഉയർന്നു. ബി.എസ്.ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലെ നേട്ടം ഒരുശതമാനമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |