SignIn
Kerala Kaumudi Online
Thursday, 19 September 2024 2.39 AM IST

കൊവിഡ് നിയന്ത്രണങ്ങൾ: ബൾഗേറിയൻ പാർലമെന്റിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമം

Increase Font Size Decrease Font Size Print Page
bulgaria

സോഫിയ : ബൾഗേറിയൻ പാലർമെന്റിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച് വാക്സിൻ വിരുദ്ധ പ്രക്ഷോഭകർ. സോഫിയ നഗരത്തിൽ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ നടന്ന വൻ റാലിയ്ക്കിടെയാണ് സംഭവം. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. രാജ്യത്ത് ഏർപ്പെടുത്തിയ നിർബന്ധിത ഹെൽത്ത് പാസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഏകദേശം 3,000ത്തോളം പേരാണ് പാർലമെന്റിന് മുന്നിൽ ഇന്നലെ തടിച്ചുകൂടിയത്.

ഭരണകൂടം ഏർപ്പെടുത്തിയ ഹെൽത്ത് പാസ് തങ്ങളുടെ അവകാശങ്ങളെ അടിച്ചമർത്തുന്നതാണെന്നും വാക്സിനേഷനെടുക്കാൻ ആളുകളെ നിർബന്ധിക്കുന്നതിനുള്ള ഒരു പിൻവാതിൽ മാർഗമാണതെന്നും പ്രതിഷേധക്കാർ ആരോപിച്ചു. ചുറ്റുമുള്ള പൊലീസ് വലയത്തെ തള്ളിനീക്കി പ്രതിഷേധക്കാർ പാർലമെന്റ് കെട്ടിടത്തിന്റെ മുൻവാതിലുകൾ വരെ എത്തുകയും അധികൃതർ പുറത്തെത്തി തങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കണമെന്ന് ആഹ്വാനം ചെയ്യുകയുമായിരുന്നു. സംഘർഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. തീവ്ര ദേശീയവാദി പാർട്ടിയായ റിവൈവൽ പാർട്ടിയുടെ നേതൃത്വത്തിലായിരുന്നു റാലി.

' സ്വാതന്ത്ര്യം " എന്ന മുദ്രാവാക്യത്തോടെ നടന്ന റാലിയിൽ കൊവിഡിനെതിരെയുള്ള നടപടികൾ അവസാനിപ്പിക്കണമെന്നും സമരക്കാർ ആക്രോശിച്ചു. ബൾഗേറിയയിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുകയും ഹെൽത്ത് പാസ് കൈയിൽ കരുതുകയും വേണം. വാക്സിനേഷന് വിധേയമായവർ, കൊവിഡ് മുക്തർ, കൊവിഡ് പരിശോധനയിൽ നെഗറ്റീവായവർ എന്നിവർക്ക് നൽകുന്നതാണ് ഹെൽത്ത് പാസ്.

ഇതുണ്ടെങ്കിൽ മാത്രമേ റെസ്റ്റോറന്റ്, കഫേ, ഷോപ്പിംഗ് മാൾ, ജിം എന്നിവിടങ്ങളിൽ പ്രവേശനം അനുവദിക്കൂ. യൂറോപ്യൻ യൂണിയനിൽ വാക്സിനേഷൻ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യമാണ് ബൾഗേറിയ. ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് കൊവിഡ് കുത്തനെ ഉയരുകയാണ്. അതേ സമയം, ഹെൽത്ത് പാസ് പിൻവലിക്കില്ലെന്നും കേസുകൾ വർദ്ധിക്കുന്നതിനിടെ വാക്സിനേഷന്റെ പ്രാധാന്യം എല്ലാവരും ഉൾക്കൊള്ളണമെന്നും പ്രധാനമന്ത്രി കിറൈൽ പെറ്റ്‌കോവ് പറഞ്ഞു.

 ഫ്രാൻസിൽ അദ്ധ്യാപക പ്രതിഷേധം

ഫ്രാൻസിലെ പുതിയ കൊവിഡ് പ്രോട്ടോക്കോളിനെതിരെ അദ്ധ്യാപകർ രംഗത്ത്. രാജ്യത്തെ 30 ശതമാനത്തോളം അദ്ധ്യാപകർ ഇന്നലെ സമരം നടത്തി. പാരീസിൽ 200ഓളം സ്കൂളുകൾ ഇന്നലെ അടഞ്ഞുകിടന്നു. ഒരു ക്ലാസിൽ ഒരു കൊവിഡ് കേസ് റിപ്പോർട്ട് ചെയ്താൽ,​ എല്ലാ കുട്ടികളും സ്കൂളിലെത്തണമെങ്കിൽ നാല് ദിവസത്തിനുള്ളിൽ മൂന്ന് ടെസ്റ്റുകൾക്ക് വിധേയമാകണമെന്നാണ് ഫ്രഞ്ച് വിദ്യാഭ്യാസമന്ത്രി ജീൻ - മൈക്കൽ ബ്ലാൻക്വർ പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് തലേദിവസമായ ജനുവരി 2ന് പറഞ്ഞത്.

ആദ്യം പി.സി.ആർ അല്ലെങ്കിൽ ആന്റിജൻ പരിശോധന നിർബന്ധമാണ്. 2ാം ദിവസവും 4ാം ദിവസവും രണ്ട് പരിശോധനകൾ സ്വന്തം നിലയ്ക്ക് നടത്തണം. എന്നാൽ, അധികൃതർ മാനദണ്ഡങ്ങളിൽ തുടർച്ചയായി മാറ്റം വരുത്തുകയാണെന്ന് അദ്ധ്യാപക സംഘടനകൾ ആരോപിച്ചു. ആദ്യ ടെസ്റ്റ് നെഗറ്റീവായാൽ കുട്ടികൾക്ക് അടുത്ത ദിവസം മുതൽ ക്ലാസിൽ വരാമെന്ന മാർഗനിർദ്ദേശം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. അധികൃതർ അടിയ്ക്കടി പ്രോട്ടോക്കോൾ മാറ്റുന്നത് സ്കൂളിന്റെ പ്രവർത്തനത്തെ തന്നെ സാരമായി ബാധിച്ചതായി അദ്ധ്യാപകർ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.