ടെൽ അവീവ്: ഒറ്റ മെസേജിലൂടെ ലെബനനിൽ ആയിരക്കണക്കിന് പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിപ്പിച്ച ഇസ്രയേലി ഇന്റലിജൻസ് ഏജൻസിയായ മൊസാദിന്റെ തന്ത്രം ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ശത്രുവിനെതിരെ ആദ്യമായല്ല മൊസാദ് ഇത്തരം തന്ത്രങ്ങൾ പ്രയോഗിക്കുന്നത്. മൊസാദ് ചാരൻമാർ നടത്തിയതെന്ന് പറയപ്പെടുന്ന അസാധാരണ ദൗത്യങ്ങളിൽ ചിലത്;
1. 1997ൽ ജോർദ്ദാനിൽ വച്ച് ഹമാസ് പൊളിറ്റ്ബ്യൂറോ ചെയർമാൻ ഖലീദ് മഷാലിന്റെ കഴുത്തിന്റെ പിൻഭാഗത്ത് രണ്ട് മൊസാദ് ഏജന്റുമാർ വിഷം സ്‌പ്രേ ചെയ്തു. ചാവേർ ആക്രമണങ്ങൾക്ക് പ്രതികാരമായി നെതന്യാഹുവിന്റെ ഉത്തരവ് പ്രകാരമായിരുന്നു നീക്കം. മഷാലിന്റെ അംഗരക്ഷകരുടെ ഇടപെടൽ മൂലം പദ്ധതി പരാജയപ്പെട്ടു
2. ഹമാസിന്റെ ആയുധ വിതരണക്കാരനായ മഹ്‌മൂദ് അൽ - മഭൂഹിനെ 2010ൽ ദുബായിലെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. യൂറോപ്യൻ ടൂറിസ്റ്റുകളെന്ന വ്യാജേന എത്തിയ മൊസാദ് ഏജന്റുമാർ ഇയാളെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു
3. 2010നും 2020നും ഇടയിൽ ഇറാനിലെ അരഡസനോളം ആണവ ശാസ്ത്രജ്ഞർ സ്ഫോടനത്തിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തു. മോട്ടോർസൈക്കിളിൽ സഞ്ചരിച്ച അജ്ഞാതർ ഇരകളുടെ വാഹനങ്ങളിൽ മാഗ്നറ്റിക് ബോംബ് സ്ഥാപിച്ചതാണ് സ്ഫോടനങ്ങൾക്ക് കാരണം
4. 2020ൽ ഇറാൻ റെവലൂഷനറി ഗാർഡ് ജനറലും ആണവ ശാസ്ത്റജ്ഞനുമായ മൊഹ്‌സീൻ ഫക്രിസാദേയെ ഉപഗ്രഹ നിയന്ത്റണത്തിലുള്ള തോക്കിനാൽ വധിച്ചു
5. 1978ൽ പാലസ്തീൻ വിമോചനത്തിനായുള്ള പോപ്പുലർ ഫ്രണ്ടിന്റെ തലവൻ വാദി ഹദാദിനെ വിഷം കലർന്ന ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് കൊലപ്പെടുത്തി
സുലൈമാനി വധത്തിന് പിന്നിലും ?
ഇറാനിലെ ഉന്നത സൈനിക കമാൻഡറായിരുന്ന ജനറൽ ഖാസിം സുലൈമാനിയുടെ വധത്തിലും മൊസാദിന് പങ്കുണ്ടെന്ന് പറയപ്പെടുന്നു. ഇറാൻ റെവലൂഷനറി ഗാർഡ്സിന്റെ വിദേശ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ മുൻ തലവനായിരുന്ന സുലൈമാനിയുടെ വധം പശ്ചിമേഷ്യയിൽ വൻ സംഘർഷത്തിന് വഴിവച്ചിരുന്നു.
2020 ജനുവരി 3നാണ് അന്നത്തെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് പ്രകാരം ഇറാക്കിലെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നടത്തിയ ഡ്രോൺ ആക്രമണത്തിലൂടെ സുലൈമാനിയെ വധിച്ചത്. എം.ക്യൂ - 9 റീപ്പർ ഡ്രോണും അതിൽ ഘടിപ്പിച്ചിരുന്ന എ.ജി.എം - 114 ഹെൽഫയർ ആർ 9 എക്‌സ് 'നിൻജ ' മിസൈലുകളും സുലൈമാനി സഞ്ചരിച്ച കാറിനെ തകർത്തു.
ഇറാക്കിലും മേഖലയിലുടനീളവുമുള്ള തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെയും സൈനികരേയും ആക്രമിക്കാനുള്ള പദ്ധതികൾ സുലൈമാനിയുടെ നേതൃത്വത്തിൽ സജീവമായി വികസിപ്പിക്കുന്നതായി യു.എസ് ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |