ടെഹ്‌റാൻ: യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും എതിരെ ഫത്‌വ (മതശാസന) പുറപ്പെടുവിച്ചിരിക്കുകയാണ് ഇറാൻ. ട്രംപും നെതന്യാഹുവും ദൈവത്തിന്റെ ശത്രുക്കളാണെന്നും ഇവർക്കെതിരെ ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ഒന്നിക്കണമെന്നും ഉന്നത ഷിയാ പുരോഹിതനായ അയത്തൊള്ള നാസർ മകാരെം ഷിറാസി പുറപ്പെടുവിച്ച ഫത്‌വയിൽ ആഹ്വാനം ചെയ്യുന്നു.
'ഇറാൻ നേതൃത്വത്തിന് ഭീഷണി സൃഷ്ടിച്ചതിന് ഇരുവരെയും അധികാരത്തിൽ നിന്ന് താഴെയിറക്കണം. നേതാവിനെ ഭീഷണിപ്പെടുത്തുന്ന ഏതൊരു വ്യക്തിയേയും ഭരണകൂടത്തെയും മൊഹാരെബ് (ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്നയാൾ) ആയി കണക്കാക്കുന്നു. മുസ്ലീങ്ങളോ ഇസ്ലാമിക രാജ്യങ്ങളോ ഈ ശത്രുവുമായി സഹകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യാൻ പാടില്ല. ഈ ശത്രുക്കൾ അവരുടെ വാക്കുകളിലും പ്രവൃത്തികളിലും പശ്ചാത്തപിക്കണം" - ഫത്‌വയിൽ പറയുന്നു. ഇറാനിയൻ നിയമപ്രകാരം മൊഹാരെബ് ആയി കണക്കാക്കുന്നവർ വധശിക്ഷ, കൈകാലുകൾ മുറിച്ചുമാറ്റൽ, നാടുകടത്തൽ തുടങ്ങിയവ നേരിടേണ്ടി വരാം. ജൂൺ 13 മുതൽ 12 ദിവസം നീണ്ട ഇറാൻ-ഇസ്രയേൽ യുദ്ധത്തിന് പിന്നാലെയാണ് ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത്.
ആരാണ് മൊഹാരെബ്?
ഷെരിയയിൽ നിന്ന് ഉത്ഭവിച്ച പദമാണ് മൊഹാരെബ്. 'ദൈവത്തിന്റെ ശത്രു' എന്നാണ് ഈ പദത്തിന്റെ അർത്ഥം. ഇറാന്റെ നിയമസംവിധാനത്തിൽ ഉപയോഗിക്കപ്പെടുന്ന പദമാണിത്. 'പരിസ്ഥിതിയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന വിധത്തിൽ ആളുകളുടെ ജീവൻ, സ്വത്ത്, അല്ലെങ്കിൽ പവിത്രത എന്നിവയ്ക്ക് നേരെ ആയുധം പ്രയോഗിക്കുകയോ ഭീകരത സൃഷ്ടിക്കുകയോ ചെയ്യുക'- എന്നാണ് ഇസ്ളാമിക് പീനൽ കോഡിൽ മൊഹാരെബിനെ വിവരിക്കുന്നത്. ഇറാനെതിരെ ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ നടത്തുന്നവർക്കെതിരെയാണ് മൊഹാരെബ് കുറ്റം ചുമത്തുന്നത്. സായുധ പ്രതിപക്ഷ ഗ്രൂപ്പുകൾ, വിഘടനവാദ പ്രസ്ഥാനങ്ങൾ, ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ എന്നിവർക്കെതിരെയും മൊഹാരെബ് ചുമത്താറുണ്ട്.
മൊഹാരെബിനുള്ള ശിക്ഷ
ട്രംപും നെതന്യാഹുവും ഭയക്കണോ?
ഫത്‌വ മതപരമായ ആഹ്വാനങ്ങളാണെങ്കിലും അവ എങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നു, എങ്ങനെ പ്രവർത്തിക്കുന്നു എന്നതിലാണ് അവയുടെ അപകടം ഒളിഞ്ഞിരിക്കുന്നത്. സ്വാധീനമുള്ള മതനേതാക്കന്മാർക്ക് ഭക്തരായ അനുയായികളെ മാത്രമല്ല, അക്രമാസക്തമായി പ്രവർത്തിക്കാൻ തയ്യാറുള്ള തീവ്രവാദികളെയും അണിനിരത്താൻ കഴിയും. ശക്തരായ നേതാക്കന്മാർ പുറപ്പെടുവിക്കുന്ന ഫത്‌വ വിശുദ്ധമായ ഉത്തരവായി കണക്കാക്കുന്നവരുമുണ്ട്. ഫത്‌വ പുറപ്പെടുവിച്ച് കാലങ്ങൾക്കുശേഷവും അത് നടപ്പാക്കുന്നവരുണ്ട്. അതിനാൽ തന്നെ ട്രംപിനും നെതന്യാഹുവിനുമെതിരെയുള്ള ഫത്‌വയിൽ അടിയന്തരമായി നടപടികൾ ഉണ്ടാവില്ലെങ്കിലും ദൂരവ്യാപകമായ ഭീഷണി നിലനിൽക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |