ടെൽ അവീവ്: പന്ത്രണ്ട് ദിവസത്തെ ഏറ്റുമുട്ടലിനുശേഷം വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നതോടെ ആഹ്ലാദ പ്രകടനവുമായി ഇസ്രയേലിലെയും ഇറാനിലെയും ജനങ്ങൾ തെരുവിലിറങ്ങി . ഇരുരാജ്യങ്ങളും വിജയം അവകാശപ്പെട്ടു. ഇറാനിലെ ആണവ കേന്ദ്രങ്ങൾ തകർക്കുകയെന്ന ലക്ഷ്യം പൂർത്തിയാക്കിയെന്ന് ഇസ്രയേൽ പറയുന്നു.
പ്രത്യാക്രമണങ്ങളിലൂടെ ഇസ്രയേലിന്റെ പ്രതിരോധ സംവിധാനം തകർത്തെന്നും അവരെ യുദ്ധം അവസാനിപ്പിക്കാൻ നിർബന്ധിതരാക്കിയെന്നും ഇറാൻ അവകാശപ്പെട്ടു. അതേസമയം, ഭാവിയിൽ ആക്രമണം ആവർത്തിച്ചേക്കുമെന്ന് സാധാരണക്കാർ ഭയക്കുന്നു.
വെടിനിറുത്തലിനെ ഖത്തർ, യു.എ.ഇ, കുവൈറ്റ്, സൗദി അറേബ്യ തുടങ്ങിയ അറബ് രാജ്യങ്ങൾ സ്വാഗതം ചെയ്തു. തിങ്കളാഴ്ച ഖത്തറിലെ യു.എസ് സൈനിക ബേസിനെതിരെ ഇറാൻ മിസൈൽ തൊടുത്തത് ഭീതി സൃഷ്ടിച്ചിരുന്നു. ഗൾഫ് രാജ്യങ്ങൾ വ്യോമപാതകൾ അടച്ചതോടെ പ്രവാസി മലയാളികളെ അടക്കം ആശങ്കയിലാഴ്ത്തിയിരുന്നു.
സംഘർഷം ഇറാനിൽ കനത്ത നാശമാണ് വിതച്ചത്. ഉന്നത സൈനികരെയും പ്രഗത്ഭരായ ആണവ ശാസ്ത്രജ്ഞരെയും നഷ്ടമായി. 610 പേർ കൊല്ലപ്പെട്ടു. 5,000ത്തോളം പേർക്ക് പരിക്കേറ്റു. ഇസ്രയേലിൽ 28 പേരും കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ ആക്രമണ സമയത്ത് ഇറാനിൽ ജനങ്ങൾ ഒറ്റക്കെട്ടായി നിന്നെങ്കിലും വൈകാതെ ഭരണവിരുദ്ധ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെടാൻ സാദ്ധ്യതയുണ്ട്. രാജ്യത്ത് ഭരണ പരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ സൂചന നൽകിയത് ഇതുമുന്നിൽ കണ്ടാണ്.
. ഇസ്രയേലുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 700ഓളം പേരെ ഇറാനിൽ അറസ്റ്റ് ചെയ്തു. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിടുന്നെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നേരത്തെ പറഞ്ഞിരുന്നു. എന്നാൽ,
അത് അജണ്ടയിൽ ഇല്ലെന്ന് ട്രംപ് പ്രഖ്യാപിച്ചതോടെയാണ് വെടിനിറുത്തൽ നീക്കങ്ങളോട് ഇറാൻ അനുകൂലമായി പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |