വാഷിംഗ്‌ടൺ: കാനഡയുമായുള്ള വ്യാപാര ചർച്ചകൾ അവസാനിപ്പിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രമുഖ യുഎസ് ടെക് സ്ഥാപനങ്ങൾക്കുമേൽ കാനഡ നികുതി ചുമത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ തീരുമാനം. ഒരാഴ്‌ചയ്ക്കുള്ളിൽ കാനഡ തങ്ങളുടെ നികുതി നിരക്ക് അറിയുമെന്നും ട്രംപ് വ്യക്തമാക്കി.
'അതിരുകടന്ന നികുതി കണക്കിലെടുത്ത് കാനഡയുമൊത്തുള്ള വ്യാപാരത്തെ സംബന്ധിച്ച എല്ലാ ചർച്ചകളും അവസാനിപ്പിക്കുന്നു. നടപടി ഉടൻ പ്രാബല്യത്തിൽ വരും. അമേരിക്കയിൽ ബിസിനസ് ചെയ്യുന്നതിന് ഇനി വേണ്ടിവരുന്ന ലെവി എത്രയാണെന്ന് കാനഡ വൈകാതെ മനസിലാക്കും. കാനഡയുമൊത്തുള്ള വ്യാപാരം വലിയ ബുദ്ധിമുട്ടേറിയതാണ്'-ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ വ്യക്തമാക്കി.
കാനഡയുടെ ഡിജിറ്റൽ സേവന നികുതിയിൽ അമേരിക്ക നേരത്തെ പ്രശ്‌നം ഉന്നയിച്ചിരുന്നു. കഴിഞ്ഞ വർഷം വിഷയത്തിൽ തർക്ക പരിഹാര ചർച്ചകൾ അമേരിക്ക ആവശ്യപ്പെടുകയും ചെയ്തു. ഡിജിറ്റൽ സേവന നികുതി കഴിഞ്ഞ വർഷമാണ് കാനഡ നടപ്പിലാക്കിയത്. ജൂൺ 30ഓടെ യുഎസ് സേവന ദാതാക്കൾ കാനഡയിൽ കോടിക്കണക്കിന് ഡോളർ പേയ്‌മെന്റിനായി കാത്തിരിക്കുകയാണ് എന്ന് കമ്പ്യൂട്ടർ ആന്റ് കമ്മ്യൂണിക്കേഷൻസ് ഇൻഡസ്ട്രി അസോസിയേഷൻ പറഞ്ഞു. ഏപ്രിൽ ആദ്യം ട്രംപ് എല്ലാ വ്യാപാര പങ്കാളികൾക്കും ഏർപ്പെടുത്തിയ 10 ശതമാനം നിരക്ക് വർദ്ധനവിൽ നിന്ന് കാനഡയെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും, പ്രത്യേക താരിഫ് വ്യവസ്ഥയാണ് കാനഡയുമായി ഉള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |