ലഹരി നമ്മുടെ കൊച്ചുകേരളത്തിൽ പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. ഓരോദിവസവും ആണും പെണ്ണും ഉൾപ്പെടെ നിരവധി പേരാണ് ലഹരി വസ്തുക്കളുമായി പിടിയിലാവുന്നത്. ഉന്നത വിദ്യാഭ്യാസം നേടിയവരും ഇക്കൂട്ടത്തിലുണ്ട്. ഇവരിൽ പലരും വെറും ക്യാരിയർ മാത്രമാണെന്നതാണ് സത്യം. തന്റെ ഉപയോഗത്തിനുള്ള മയക്കുമരുന്ന് കിട്ടാൻ വേണ്ടിയാണ് ഇവരിൽ പലരും ക്യാരിയർമാരാകുന്നത് . ചിലർ അടിപൊളി ജീവിതത്തിനുള്ള പണത്തിനുവേണ്ടിയും. പക്ഷേ, ഒരിക്കൽ പെട്ടുകഴിഞ്ഞാൽ പിന്നൊരിക്കലും തിരിച്ചുവരവ് ഉണ്ടാകില്ല.
ഹൈബ്രിഡ് കഞ്ചാവ്
കഞ്ചാവ്, എംഡിഎംഎ എന്നിവയൊക്കെ നിരന്തരം കേൾക്കുന്ന വാക്കുകളാണ്. എന്നാൽ ഹൈബ്രിഡ് കഞ്ചാവ് അങ്ങനെയല്ല. അടുത്തിടെയാണ് ആ പേര് വാർത്തകളിൽ കൂടുതൽ കേട്ടുതുടങ്ങിയത്. വളരെ കുറഞ്ഞ അളവിലാണ് ഇത് പിടികൂടുന്നതും. വൻ വിലയാണ് ഇതിനെന്നതാണ് പ്രധാന കാരണം. സാധാരണ കഞ്ചാവുപോലെ എളുപ്പത്തിൽ ഉല്പാദിപ്പിക്കാൻ കഴിയുന്നതല്ല ഹൈബ്രിഡ് കഞ്ചാവ്. വില കൂടുന്നതിന് കാരണവും അതുതന്നെയാണ്.
ലഹരിക്കാർക്കിടയിൽ മുന്തിയ സ്ഥാനമാണ് ഹൈബ്രിഡ് കഞ്ചാവിനുള്ളത്. പ്രത്യേക അന്തരീക്ഷ ഊഷ്മാവ് നിലനിറുത്തി നിശ്ചിത സമയപരിധിക്കുള്ളിൽ വിളവെടുക്കുന്നതാണ് ഹൈബ്രിഡ് കഞ്ചാവ്. മാരക ലഹരിയാണിത്. തായ്‌ലൻഡ്, മലേഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലാണ് ഇവ കൃഷിചെയ്യുന്നത്. ചികിത്സയുടെ ഭാഗമായുള്ള ഉത്പാദനമായതിനാൽ വാണിജ്യാടിസ്ഥാനത്തിലാണ് പലയിടങ്ങളിലും ഇവയുടെ കൃഷി.
വ്യത്യസ്ത ഇനത്തിലുള്ള കഞ്ചാവ് ചെടികളെ സംയോജിപ്പിച്ചാണ് ഹൈബ്രിഡ് ഇനങ്ങൾ രൂപപ്പെടുത്തുന്നത്. ജനിതക മോഡിഫിക്കേഷനിലൂടെ ഗന്ധം, ലഹരി പോലുള്ള സ്വഭാവത്തിലും മാറ്റം വരുത്താനാകും.
ഉണർത്തുക തലച്ചോറിനെ
ഹൈബ്രിഡ് കഞ്ചാവിൽ ലഹരിയുടെ അംശം കൂടുതലായിരിക്കും. കൂടുതൽ ഊർജം നൽകി തലച്ചോറിനെ കൂടുതൽ ഉണർത്തുകയാണ് ഹൈബ്രിഡ് കഞ്ചാവിന്റെ റോൾ. സാധാരണ കഞ്ചാവ് ഉപയോഗിക്കുമ്പോൾ ലഭിക്കുന്നതിനെക്കാൾ കൂടിയ അളവിൽ ലഹരി ലഭിക്കുകയും അത് മണിക്കൂറുകളോളം നിൽനിൽക്കുകയും ചെയ്യും. ഇതുതന്നെയാണ് ഇതിന്റെ ഗുണമായി ലഹരിപ്രേമികൾ കണക്കുകൂട്ടുന്നത്. ചിലർ ഹൈബ്രിഡ് കഞ്ചാവിനൊപ്പം ചില സിന്തറ്റിക്ക് ലഹരി വസ്തുക്കളും ചേർക്കാറുണ്ടത്രേ. ലഹരി ഉണ്ടാക്കുന്ന ഘടകങ്ങളുടെ തോതനുസരിച്ചാണ് ഹൈബ്രിഡ് കഞ്ചാവുകളുടെ വില നിശ്ചയിക്കുന്നത്.
ഏഷ്യക്കാരൻ കഞ്ചാവ്
കഞ്ചാവ് ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഏഷ്യൻ ഭൂഖണ്ഡത്തിലാണ്. പണ്ടുകാലം മുതൽക്കേ ഔഷധമായും ലഹരിപദാർത്ഥമായും ഇതിനെ ഉപയോഗിക്കുന്നുണ്ട്. എന്നാലിപ്പോൾ ലഹരിക്കുവേണ്ടിയാണ് കൂടുതൽ ഉപയോഗിക്കുന്നത്. കാന്നാബിസ് ഇൻഡിക്ക് എന്ന കഞ്ചാവ് ചെടിയെ സംസ്കൃതത്തിൽ ഗഞ്ചിക എന്നാണ് അറിയപ്പെടുന്നത്. നേപ്പാളിൽ ഇതിനെ ഗഞ്ച് എന്നും അറിയപ്പെടുന്നു. അതിൽ നിന്നാണ് മലയാളത്തിലെ കഞ്ചാവ് എന്ന പേരിന്റെ ഉത്ഭവം എന്നാണ് കരുതുന്നത്.
പുരാതന കാലത്ത് കഞ്ചാവ് ചെടിയെ താന്ത്രിക, മാന്ത്രിക ചടങ്ങുകൾക്ക് ഉപയോഗിച്ചിരുന്നതിനാൽ അതിൽ നിന്ന് ലഭിക്കുന്ന ലഹരിക്ക് ഒരു ദൈവിക മാനവും ചിലർ നൽകിയിരുന്നു. ചില സന്യാസിമാർ കഞ്ചാവ് ഇപ്പോഴും ഉപയോഗിക്കാറുണ്ടെന്ന് പറയപ്പെടുന്നു.
കേന്ദ്ര നാഡീ വ്യൂഹത്തിൽ വരുത്തുന്ന മാറ്റങ്ങളാണ് കഞ്ചാവിനെ മദ്യത്തിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇത് ഉപയോഗിക്കുന്നവരിൽ ഉന്മേഷം കൂടുതലായിരിക്കും. മാത്രമല്ല ഇവരുടെ കേൾവിശക്തി അതി കൂർമമാകും. വിശപ്പും കാര്യമായി വർദ്ധിക്കും. ഇവർക്ക് ഭക്ഷണത്തിന്റെ രുചിയും മണവും കൂടുതൽ ആസ്വദിക്കാൻ കഴിയും . എന്നാൽ നിരന്തരമുള്ള ഉപയോഗം മനുഷ്യന്റെ എല്ലാ കഴിവുകളും ഇല്ലാതാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |