ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നുള്ള നയതന്ത്ര നടപടികളുടെ ഭാഗമായി ആറംഗ കാശ്‌മീരി കുടുംബത്തെ പാകിസ്ഥാനിലേക്ക് നാടുകടത്തുന്നത് തടഞ്ഞ് സുപ്രീംകോടതി. ഇന്ത്യൻ പൗരൻമാരെന്ന ഹർജിക്കാരുടെ വാദം രേഖകൾ പരിശോധിച്ച് തീർപ്പാക്കാൻ ജസ്റ്റിസ് സൂര്യകാന്ത്,എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി.
മാതാപിതാക്കളെയും മൂന്ന് സഹോദരിമാരെയും നാടുകടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ബംഗളൂരുവിൽ ജോലി ചെയ്യുന്ന മകനാണ് സുപ്രീംകോടതിയെ സമീപിച്ചത്. കുടുംബത്തിലെ അഞ്ചുപേരെ ജമ്മുകാശ്‌മീരിൽ നിന്ന് ഒരു ജീപ്പിൽ പാക് അതിർത്തിയായ വാഗയിലേക്ക് കൊണ്ടുപോയെന്നും ഹർജിയിലുണ്ട്. പിതാവ് പാകിസ്ഥാനിലെ മുസാഫർബാദ് സ്വദേശിയാണെന്നും 1987ൽ പാകിസ്ഥാൻ പാസ്‌പോർട്ട് തിരികെ നൽകിയെന്നും മകൻ ബോധിപ്പിച്ചു. ആധാർ കാർഡുകൾ,പാൻ കാർഡുകൾ, വോട്ടർ ഐഡി എന്നിവയുൾപ്പെടെ തിരിച്ചറിയൽ രേഖകളുള്ള ഇന്ത്യൻ പൗരന്മാരായിരുന്നിട്ടും നാടുകടത്തുകയാണെന്നും ഹർജിയിൽ ആരോപിച്ചു.
അവകാശവാദങ്ങൾ തെളിയിക്കാൻ അവസരം നൽകാതെ അവരെ പാകിസ്ഥാനിലേക്ക് നാടുകടത്തരുതെന്ന് സുപ്രീംകോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. രേഖകൾ പരിശോധിച്ച് വേഗം തീരുമാനമെടുക്കണം. കേസിൽ മാനുഷിക ഘടകങ്ങൾക്ക് പുറമേ,പരിശോധിക്കേണ്ട ചില പ്രശ്നങ്ങളുമുണ്ട്. ഹർജിയിൽ വസ്തുതാപരമായ സ്ഥിരീകരണം ആവശ്യമുള്ളതിനാൽ,മെറിറ്റിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കുന്നു. രേഖകളും മറ്റ് വസ്തുതകളും പരിശോധിച്ച് അധികാരികൾ എത്രയും വേഗം ഒരു തീരുമാനം എടുക്കണം. തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിക്കുന്നില്ല. എന്നാൽ ഉചിതമായ തീരുമാനം എടുക്കുന്നതുവരെ ഹർജിക്കാർക്കെതിരെ ഒരു നിർബന്ധിത നടപടിയും സ്വീകരിക്കരുതെന്നും കോടതി പറഞ്ഞു.
അതേസമയം,രേഖകൾ പരിശോധിച്ച ശേഷവും സർക്കാർ നാടുകടത്താൻ തീരുമാനിച്ചാൽ, കുടുംബത്തിന് ജമ്മു കശ്മീർ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |