ന്യൂഡൽഹി: പെഹൽഗാം ആക്രമണത്തിൽ 26പേർ മരണമടഞ്ഞതിന് പിന്നാലെ ഇന്ത്യ വിവിധ തലങ്ങളിൽ പാകിസ്ഥാന് ദോഷകരമായ നടപടികൾ എടുത്തുവരികയാണ്. സിന്ധു നദീജല കരാർ റദ്ദാക്കിയും ഇന്ത്യയിൽ തുടരുന്ന പാകിസ്ഥാൻ പൗരന്മാരടക്കമുള്ളവരെ പുറത്താക്കിയും അറബിക്കടലിലടക്കം സൈനിക വിന്യാസം നടത്തിയും പാക് വിമാനങ്ങൾക്ക് വ്യോമപാതയിൽ നിരോധനം ഏർപ്പെടുത്തിയും ഇന്ത്യ ശക്തമായ നടപടികളുടെ സൂചനകൾ നൽകി. ഇതിനുപുറമേ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലും നിരോധനമുണ്ട്.
സിന്ധുനദീജല കരാർ റദ്ദാക്കിയതിന് പിന്നാലെ ഇന്ത്യയിലെയും പാകിസ്ഥാനിലെയും ജനങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വിവിധ അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ട്. പാകിസ്ഥാനിലെ നദികളൊക്കെ വറ്റിവരണ്ടെന്ന് ഡാമുകളിലെ ചിത്രങ്ങൾ പ്രചരിപ്പിച്ച് ചിലർ പറയുന്നു. എന്നാൽ ഇന്ത്യ അമിതമായി വെള്ളം തുറന്നുവിട്ട് വെള്ളപ്പൊക്കം ഉണ്ടാക്കുന്നു എന്നാണ് പാകിസ്ഥാനിലെ ചിലരുടെ ആരോപണം. ഈ വാദങ്ങളിലെ വസ്‌തുതയറിയാൻ ദേശീയമാദ്ധ്യമമായ ഇന്ത്യാ ടുഡേ അവരുടെ ഓപൺ സോഴ്‌സ് ഇന്റലിജൻസ് സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരീക്ഷണത്തിൽ ഇത്തരം വാദങ്ങളിലൊന്നും കാര്യമില്ല എന്ന് ബോദ്ധ്യമായി.
സിന്ധു നദിയും ഇതിന്റെ പോഷക നദികളായ ചിനാബ്, ഝലം എന്നിവയിലെ ജലവിതാനം കണക്കുകൾ ശേഖരിച്ച ഏപ്രിൽ 30ന് സാധാരണ നിലയിലായിരുന്നു എന്നാണ് സൂചന. ഇന്ത്യയിലെ അവസാന ഡാമും പാകിസ്ഥാനിലെ ആദ്യ ഡാമും സിന്ധു നദിയിലാണ് പണിതിരിക്കുന്നത്. ഇന്ത്യ ജലം ഒഴുക്കിവിടുന്നത് കുറച്ചാൽ പാകിസ്ഥാനിലെ ആദ്യ ഡാമിന്റെ പ്രദേശങ്ങൾ വറ്റിപ്പോകും. പാകിസ്ഥാനിലെ ഇൻഡസ് റിവർ സിസ്റ്റം അതോറിറ്റി പുറത്തുവിടുന്ന കണക്കനുസരിച്ച് ഒരു സെക്കന്റിൽ 22,800 ക്യുസെക്‌സ് ജലമാണ് നദിയിലൂടെ കടന്നുപോകേണ്ടത്. ഏപ്രിൽ 30ന് ഇത് 26,268 ക്യുസെക്‌സ് ആയിരുന്നു. ഇതിനർത്ഥം സിന്ധു നദീജല കരാറിൽ നിന്ന് ഇന്ത്യ പിന്മാറിയതിന് ഒരു ഫലവുമില്ല എന്നല്ല.
പാകിസ്ഥാനിലെ 15.5 കോടി ജനങ്ങൾക്ക് നേരിട്ട് ബന്ധമുള്ളതാണ് സിന്ധു നദിയിലെ ജലം. പാകിസ്ഥാനിലൂടെ ഒഴുകി അറബിക്കടലിലെത്തുന്ന സിന്ധു നദിയിലെ ജലം നിയന്ത്രിക്കുക വഴി പാകിസ്ഥാനിലെ ജലവിതരണ സംവിധാനവും കൃഷിയും ഭക്ഷണ നിയന്ത്രണ സംവിധാനത്തിലും ഇന്ത്യ നേരിട്ടിടപെടുകയാണ് ചെയ്യുന്നത്. ടിബറ്റൻ മലനിരകളിലെ ബോഗാർ ചു ഹിമാനിയിൽ നിന്നാണ് സിന്ധു നദി ഉത്ഭവിക്കുന്നത്. കാശ്‌മീരിലൂടെ പാകിസ്ഥാനിൽ കടന്ന് അറബിക്കടലിലേക്ക് ഒഴുകിയെത്തും.
സിന്ധു നദിയുടെ പോഷകനദിയായ ഝലം നദിയിൽ 43486 ക്യുസെക്‌സ് ജലമാണ് ഏപ്രിൽ 30നുള്ളത്. ഝലം നദിയിലെ ഇന്ത്യയുടെ അവസാന ഡാമായ ഉറി അണക്കെട്ടിലും ജലനിരപ്പിൽ ഈ ദിനം കാര്യമായ മാറ്റമില്ല. ഭക്ര നംഗൽ ഡാം പോലെ വലിയ 22ഓളം ഡാമുകൾ സിന്ധു, ഝലം,ചിനാബ് നദികളിൽ നിർമ്മിച്ചാലേ ഇന്ത്യയ്‌ക്ക് സിന്ധു നദിയിലെ ജലം പൂർണമായി നിയന്ത്രിക്കാനാകൂ. എന്നാൽ വളരെ മൃദുലവും ദുരന്തസാദ്ധ്യതയുമുള്ള ചിനാബ് നദിയിലടക്കം ഡാമുകൾ നിർമ്മിക്കുക എളുപ്പമല്ല എന്നാണ് വിദഗ്ദ്ധർ പറയുന്നത്.
എന്നാൽ സിന്ധു നദീജല കരാർ റദ്ദാക്കപ്പെട്ടതോടെ പാകിസ്ഥാന് ഇന്ത്യ ജലം പങ്കുവയ്‌ക്കണം എന്ന നിബന്ധന ഇല്ലാതാകും. ഇതോടെ ജലവിതരണം, ആഹാരം, വൈദ്യുതി ഉൽപാദനം, സാമ്പത്തിക വളർച്ച തുടങ്ങി സകല മേഖലകളിലും സിന്ധു നദിയെ വലിയ തോതിൽ ആശ്രയിക്കുന്ന പാകിസ്ഥാന്റെ നില പരുങ്ങലിലാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |