ഇനി ഒരു ലോകമഹായുദ്ധം കൂടി ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് പലരും വിശ്വാസിക്കുന്നത്. ആദ്യത്തെ രണ്ട് ലോകമഹായുദ്ധങ്ങളുടെ ഭീകരത ഇപ്പോഴും വേട്ടയാടുന്നതിനിടെയാണ് മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് വീണ്ടും ജനങ്ങൾ ചിന്തിക്കുന്നത്. ഇനി വരാം പോകുന്ന യുദ്ധം ആണവായുധം ഉപയോഗിച്ചുള്ളതായിരിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ബങ്കർ ബോംബുകൾ വർഷിച്ചത് മറ്റൊരു ലോകമഹായുദ്ധത്തിന്റെ തുടക്കമാണോ എന്ന രീതിയിലുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്. ഇപ്പോഴിതാ മൂന്നാം ലോകമഹായുദ്ധങ്ങളെ കുറിച്ച് മുൻപ് നടന്ന ചില പ്രവചനങ്ങളാണ് ചർച്ചയാകുന്നത്. നോസ്‌ട്രഡാമസ്, ബാബ വംഗ പോലുള്ള നിരവധി ജ്യോതിശാസ്ത്ര വിദഗ്ധർ മൂന്നാം ലോകമഹായുദ്ധം ഉണ്ടാകുമെന്ന് പ്രവചിച്ചിട്ടുണ്ട്.
നോസ്‌ട്രഡാമസ് പ്രവചനം
16-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രഞ്ച് ജ്യോതിഷിയും വൈദ്യശാസ്ത്രജ്ഞനും ആയിരുന്നു നോസ്ട്രഡാമസ്. നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ ' ലെസ് പ്രൊഫെറ്റീസ് ' എന്ന പേരിൽ 1555ലാണ് പ്രസിദ്ധീകരിച്ചത്. ലോകത്ത് ഇന്നേവരെയുണ്ടായ ചരിത്രപ്രധാനമായ പല സംഭവവികാസങ്ങളും നോസ്ട്രഡാമസ് ഈ പുസ്തകത്തിൽ പ്രവചിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. അദ്ദേഹം മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് പ്രവചിച്ചിട്ടുണ്ട്. 21-ാം നൂറ്റാണ്ടിൽ ഒരു സംഘർഷം ഉണ്ടാകുമെന്നും ഇത് മഹായുദ്ധത്തിലേക്ക് നയിക്കുമെന്നുമാണ് അദ്ദേഹം പ്രവചിച്ചത്. 2009 നും 2013നും ഇടയിൽ യുദ്ധം നടക്കുമെന്നും ഇത് 27 വർഷം നീണ്ടുനിൽക്കുമെന്നും നോസ്ട്രഡാമസ് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ആ പ്രവചനം യാഥാർത്ഥ്യമായിട്ടില്ല.
ആതോസ് സലോമി
'ജീവിച്ചിരിക്കുന്ന നോസ്‌ട്രഡാമസ്' എന്ന് വിളിക്കപ്പെടുന്ന ബ്രസീലിയനായ പാരാ സെെക്കോളജിസ്റ്റാണ് ആതോസ് സലോമി (38). കൊവിഡ് 19, എലോൺ മസ്കിന്റെ ട്വിറ്റർ ഏറ്റെടുക്കൽ, ഛിന്നഗ്രഹത്തിന്റെ ഭീഷണി തുടങ്ങിയ തന്റെ പ്രവചനങ്ങളെല്ലാം യാഥാർത്ഥ്യമായെന്ന് അവകാശപ്പെടുന്ന ആളാണ് ആതോസ് സലോമി. 2025ൽ മൂന്നാം ലോകമഹായുദ്ധത്തിന് തുടക്കമാകുമെന്നാണ് അദ്ദേഹം കഴിഞ്ഞ വർഷം പ്രവചനം നടത്തിയത്. മിഡിൽ ഈസ്റ്റിലും റഷ്യയിലും വർദ്ധിച്ചുവരുന്ന യുദ്ധ സംഘർഷങ്ങൾ ഇതിന്റെ സൂചനയാണെന്നായിരുന്നു ആതോസ് പറഞ്ഞത്. മൂന്നാം ലോകമഹായുദ്ധം സാങ്കേതിക വിദ്യയുടെ കൂടി (എഐ) അടിസ്ഥാനമാക്കിയായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
ബാബ വാംഗ
ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ കാര്യങ്ങൾ പ്രവചിച്ചയാളാണ് ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗ. രണ്ടാം ലോകമഹായുദ്ധം, ചെർണോബിൽ ദുരന്തം, ഡയാന രാജകുമാരിയുടെയും സാർ ബോറിസ് മൂന്നാമന്റെയും മരണ തീയതി, റഷ്യൻ അന്തർവാഹിനി കർസ്‌ക് മുങ്ങിയത്, കിഴക്കൻ ബൾഗേറിയയിലുണ്ടായ ഭൂകമ്പം, യുഎസിലെ സെപ്തംബർ 11 ആക്രമണം, 2004ലെ സുനാമി എന്നീ സംഭവങ്ങളൊക്കെ ബാബ വാംഗ പ്രവചിച്ചതായി പറയപ്പെടുന്നു.
1996ൽ വാംഗ മരണപ്പെട്ടെങ്കിലും അവരുടെ പ്രവചനങ്ങൾ ഇന്നും ചർച്ചാ വിഷയമാണ്. മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ചും ബാബ വാംഗ പ്രവചനം നടത്തിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിക്കുമെന്നാണ് അവരുടെ പ്രവചനം. എന്നാൽ തീയതിയോ മറ്റ് വിശദാംശങ്ങളോ പ്രവചിച്ചിട്ടില്ല.
ഭവിഷ്യ മാലിക
ഹിന്ദു മതത്തിലെ പുരാതന ഗ്രസ്ഥമാണ് ഭവിഷ്യ മാലിക. അതിൽ മനുഷ്യരാശിക്കുള്ള ഗുരുതരമായ മുന്നറിയിപ്പുകളും ലോകാവസാനത്തിന് മുൻപ് ഉണ്ടാകുന്ന ചില വസ്തുതകളെയും കുറിച്ച് പറഞ്ഞിരിക്കുന്നുവെന്നാണ് വിവരം. ഈ പുസ്തകത്തിൽ മുൻപ് ഉണ്ടായിരുന്ന ചില പ്രവചനങ്ങൾ നടന്നതായും ചിലർ വിശ്വസിക്കുന്നു.
500 വർഷങ്ങൾക്ക് മുൻപാണ് ഭവിഷ്യ മാലിക രചിച്ചതെന്നാണ് വിശ്വാസം. ഇത് പ്രകാരം ഭൂമി ഇനി മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോകും. ആദ്യം കലിയുഗം അവസാനിക്കും, രണ്ടാമത് വലിയ നാശം ഉണ്ടാകും, മൂന്നാമതായി ഒരു പുതിയ യുഗം വരും. 2032ഓടെയായിരിക്കും ആ പുതിയ യുഗം വരുന്നതെന്നാണ് പലരുടെയും അഭിപ്രായം.
കലിയുഗത്തിന്റെ അവസാനഘട്ടത്തിൽ ആറര വർഷം നീണ്ടുനിൽക്കുന്ന ഒരു യുദ്ധത്തെക്കുറിച്ച് പറയുന്നുണ്ട്. ഇന്ത്യയെ ചെെനയും മറ്റ് ചില രാജ്യങ്ങളും ചേർന്ന് ആക്രമിക്കുമെന്നും പറയുന്നുണ്ട്. ഭവിഷ്യ മാലികയിൽ പറയുന്ന കലിയുഗത്തിന്റെ അവസാനം 2024-2025 ആണെന്ന് പലരും വിശ്വസിക്കുന്നത്. എന്നാൽ പുസ്തകത്തിൽ പറയുന്ന കലിയുഗം അവസാനത്തിന് ഇനിയും വർഷങ്ങൾ ഉണ്ടെന്നും പലരും വാദിക്കുന്നു. ഇതിന് ഇതുവരെ വ്യക്തത വന്നിട്ടില്ല.
ഈ പ്രവചനങ്ങൾ ശരിയാണോ?
നോസ്‌ട്രഡാമസ്, ബാബ വാംഗ തുടങ്ങിയവരുടെ പ്രവചനം ആഗോള സംഘർഷങ്ങളുമായി ബന്ധിപ്പിക്കാൻ കഴിയുന്നുണ്ടെങ്കിലും അതിൽ പലതും ശരിയല്ലെന്ന് ചരിത്രം നമ്മുക്ക് കാണിച്ച് തരുന്നുണ്ട്. 2022ൽ ആരംഭിച്ച റഷ്യ - യുക്രെയ്ൻ സംഘർഷം മറ്റൊരു മഹായുദ്ധത്തിന്റെ സാഹചര്യം വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും മറ്റ് രാജ്യങ്ങൾ പങ്ക് കുറവായതിനാൽ യുദ്ധസാദ്ധ്യത കുറവാണ്.
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷമാണ് നിലവിൽ മറ്റ് രാജ്യങ്ങൾ ഭയപ്പെടുന്നത്. തായ്‌വാനെച്ചൊല്ലി യുഎസും ചെെനയും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരികയാണ്. 2027 ഓടെ ചെെനീസ് അധിനിവേശം ഉണ്ടാകുമെന്നും ചില വിദഗ്ധർ പ്രവചിച്ചിട്ടുണ്ട്. ഈ പ്രദേശിക സംഘർഷം ആഗോളതലത്തിൽ മറ്റ് രാജ്യങ്ങളെയും ബാധിക്കാം. റഷ്യ, ഇറാൻ, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങൾ ആണവ ഭീഷണി മുഴക്കുന്നുണ്ട്. ഇതും മൂന്നാം ലോകമഹായുദ്ധത്തിലേക്ക് വിരൽചൂണ്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |