ദുബായ്: യുഎഇയില്‍ നിന്ന് കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാര്‍. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് ദുബായില്‍ നിന്നും കോഴിക്കോടേക്ക് പറക്കേണ്ട വിമാനമാണ് അവസാന നിമിഷം റദ്ദാക്കിയത്. യാത്രക്കാരെ വിമാനത്തില്‍ പ്രവേശിപ്പിച്ച് ടേക്കോഫിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്.
8.15ന് വിമാനത്തിനുള്ളില്‍ പ്രവേശിച്ച യാത്രക്കാര്‍ കൊടും ചൂടില്‍ വിമാനത്തിനുള്ളില്‍ വിയര്‍ത്തൊലിച്ചു. വിമാനത്തില്‍ എ.സി പ്രവര്‍ത്തിച്ചിരുന്നില്ലെന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഏറെ പ്രയാസപ്പെട്ടുവെന്നും വിമാനത്തിലുണ്ടായിരുന്നവര്‍ പ്രതികരിച്ചു. ഐ.എക്‌സ് 346 നമ്പര്‍ വിമാനമാണ് പറക്കുന്നതിന് തൊട്ട്മുമ്പ് റദ്ദാക്കിയത്. കനത്ത ചൂടുള്ള അന്തരീക്ഷത്തില്‍ എ.സി പ്രവര്‍ത്തിക്കാതെ യാത്രക്കാര്‍ക്ക് വിമാനത്തിനകത്ത് തുടരേണ്ടിവന്നു.
വിമാനം യാത്ര പുറപ്പെടുമോ എന്നത് സംബന്ധിച്ച് കൃത്യമായ വിവരം നല്‍കിയില്ലെന്നും പ്രായമായ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ വളരെ പ്രയാസപ്പെട്ടുവെന്നും യാത്രക്കാര്‍ പറഞ്ഞു. ഉച്ചക്ക് 12.15നാണ് സാങ്കേതിക കാരണങ്ങളാല്‍ വിമാനം റദ്ദാക്കിയതായി യാത്രക്കാര്‍ക്ക് അറിയിപ്പ് ലഭിച്ചത്. തുടര്‍ന്ന് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റാമെന്ന് അറിയിച്ചു. പുലര്‍ച്ചെ 3.30ന് പുറപ്പെടുന്ന മറ്റൊരു വിമാനത്തില്‍ യാത്ര ചെയ്യാമെന്നാണ് അറിയിപ്പ് നല്‍കിയത്. എന്നാല്‍ ചില യാത്രക്കാര്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് റീഫണ്ട് ചെയ്ത് നല്‍കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു.
അതേസമയം വിമാനത്തില്‍ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയതെന്നും യാത്രക്കാര്‍ക്ക് പകരം സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും എയര്‍ഇന്ത്യ എക്‌സ്പ്രസ് വക്താവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. എ.സി പ്രവര്‍ത്തനക്ഷമമായിരുന്നെന്നും പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിനിടെ എ.സി കുറച്ചുനേരം ഓഫ് ചെയ്യേണ്ടിവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |